ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍, ബി.ജെ.പി, എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പിച്ചത്.

പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പായി പാര്‍ലമെന്‍റിലെ മഹാത്മാഗാന്ധി, ഡോ. ബി.ആര്‍. അംബേദ്കര്‍, ബിര്‍സ മുണ്ട എന്നിവരുടെ പ്രതിമകളില്‍ മുര്‍മു പുഷ്പാര്‍ച്ചന നടത്തി.സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നിയമസഭാംഗങ്ങളുടെയും എം.പിമാരുടെയും യോഗം നാളെ വിളിച്ചിട്ടുണ്ട്.

പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ ഡല്‍ഹിയിലെത്തിയ ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരെ സന്ദര്‍ശിച്ചിരുന്നു. അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ പ്രശ്നങ്ങളെ കുറിച്ചും രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുര്‍മുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Top