കേരളം കൊടും വരള്‍ച്ചയിലേക്കെന്ന് വിദഗ്ധര്‍, പുഴകളില്‍ വെള്ളമില്ല

കൊച്ചി: പ്രളയത്തിന് ശേഷം കേരളത്തിലെ ജലാശയങ്ങളില്‍ വെള്ളമില്ല. പ്രധാന നദികളിലെ ജലനിരപ്പ് 10 അടിയിലേറെ താഴുന്നത്‌ ശുദ്ധജല പമ്പിങ്ങിനെ ബാധിച്ചുതുടങ്ങി. പുഴകളുടെ അടിത്തട്ടുവരെ തെളിഞ്ഞു. കിണറുകളിലും വെള്ളം താണു.20 ദിവസത്തിനിടെ ജലനിരപ്പ് താഴ്ന്നത്‌ 15 അടിയായി. സംസ്ഥാനത്തെ പകുതിയിലധികം ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണ് ആശങ്ക.

പെരിയാര്‍, മുവാറ്റുപുഴയാര്‍, ചാലിയാര്‍, കുറുമാലി, അച്ചന്‍കോവിലാര്‍ തുടങ്ങിയ പുഴകളുടെയെല്ലാം നില അതീവ ഗുരുതരമാകുകയാണ്. ആലുവയടക്കമുള്ള നിരവധി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആലുവയില്‍നിന്നുള്ള ശുദ്ധജല പമ്പിങ് ദിവസങ്ങള്‍ക്കുള്ളില്‍ നിലയ്ക്കും. ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്കായി വെള്ളമെടുക്കുന്ന മുവാറ്റുപുഴയാറിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല.തടയണകെട്ടി വെള്ളം സംഭരിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, ഇത് വിജയിച്ചില്ലെങ്കില്‍ കുടിവെള്ള പദ്ധതികള്‍ പൂര്‍ണ്ണമായും പ്രതിസന്ധിയിലാകും.

കോഴിക്കോട് ജില്ലയില്‍ പുനൂര്‍ പുഴയിലും ചാലിയാറിലും ഇരവഞ്ഞിപ്പുഴയിലും ജലനിരപ്പു താഴ്‌ന്നെങ്കിലും നിലവില്‍ ശുദ്ധജലവിതരണത്തെ ബാധിച്ചിട്ടില്ല. ഇരിട്ടിപുഴയില്‍ ജലനിരപ്പ് താഴുന്നത്‌ കണ്ണൂര്‍ ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പഴശി പമ്പിങ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

അതേസമയം, കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് ചൂണ്ടിക്കാണിച്ചു നല്‍കിയ കത്ത് പരിഗണിച്ചു സ്വമേധയാ എടുത്ത കേസും ദുരന്തത്തിന് ഇടയാക്കിയത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേരളത്തില്‍ നടന്നത് പ്രകൃത്യാലുള്ള ദുരന്തമല്ലെന്നും മനുഷ്യനിര്‍മ്മിതമായ ദുരന്തമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. അഡ്വ.ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

Top