യെച്ചൂരി മുന്നറിയിപ്പ് നല്‍കി; വി.എസിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിച്ചു

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ക്ഷണിക്കാതിരുന്ന സംസ്ഥാന നേതൃത്വത്തിന് യെച്ചൂരിയുടെ ഇടപെടല്‍ തിരിച്ചടിയായി.

ഇന്നലെ അര്‍ദ്ധരാത്രി തലസ്ഥാനത്ത് വിമാനമിറങ്ങിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് വി.എസിനെ ക്ഷണിക്കാന്‍ സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന് നിര്‍ദേശം നല്‍കുകയായിരുന്നു.

പി.ബി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ വി.എസിനെ ക്ഷണിക്കേണ്ടെന്ന് നിലപാടെടുത്ത സംസ്ഥാന നേതൃത്വത്തിന് അപ്രതീക്ഷിത തിരിച്ചടിയായി യെച്ചൂരിയുടെ നിലപാട്.

സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ യെച്ചൂരിക്കൊപ്പമെത്തിയ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാതിരുന്നതും ശ്രദ്ധേയമാണ്.

സംസ്ഥാന കമ്മിറ്റിക്ക് മുന്‍പ് യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും വിഭാഗീയ നടപടി പാടില്ലെന്നും വി.എസിനെ കൂടി ഉള്‍പ്പെടുത്തിയെ മുന്നോട്ട് പോകാവൂ എന്നും യെച്ചൂരി കര്‍ക്കശ നിലപാട് സ്വീകരിച്ചു എന്നാണറിയുന്നത്.

പാര്‍ലമെന്റ് നടക്കുന്നതിനാല്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം തീരുമാനം മാറ്റി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ യെച്ചൂരി തീരുമാനിച്ചത് തന്നെ വി.എസിന്റെ കാര്യത്തില്‍ തീരുമാനമെടുപ്പിക്കാനാണെന്നാണ് ലഭിക്കുന്ന വിവരം.

വി.എസിന് വേണ്ടി യെച്ചൂരി കടുത്ത നിലപാട് സ്വീകരിക്കുന്നത് പിണറായി വിഭാഗം നേതാക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

യോഗത്തില്‍ പങ്കെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന് പുറമെ യെച്ചൂരിയും പ്രത്യേകം ക്ഷണിച്ചതിനാല്‍ വി.എസ് യോഗത്തില്‍ പങ്കെടുത്തു.

കേന്ദ്ര കമ്മിറ്റി ക്ഷണിതാവെന്ന നിലയിലാണ് വി.എസ് ഇന്ന് യോഗത്തില്‍ പങ്കെടുത്തതെങ്കിലും, അടുത്ത യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ തന്നെ വി.എസിന് പങ്കെടുക്കാന്‍ കഴിയുമെന്ന തരത്തില്‍ തീരുമാനങ്ങളുണ്ടാകുമെന്ന് യെച്ചൂരി വി.എസിനെ അറിയിച്ചതായാണ് സൂചന.

അടുത്തമാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധമായ നിര്‍ണായക തീരുമാനമുണ്ടാകും.

Top