പരിസ്ഥിതി അനുമതിക്കുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ച് കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ലോകസമ്മേളനം വരെ ഇന്ത്യ സംഘടിപ്പിക്കുമ്പോള്‍, വന്‍കിട പദ്ധതികള്‍ക്ക് എളുപ്പത്തില്‍ അനുമതി നല്‍കാനായി പരിസ്ഥിതി നിയമങ്ങളില്‍ ഇളവുവരുത്തിയെന്ന് ആക്ഷേപം ഉയരുന്നു. പരിസ്ഥിതി അനുമതിക്കുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ച് കേന്ദ്രം ഇറക്കിയ കരട് വിജ്ഞാപനത്തിനെതിരെയാണ് എതിര്‍പ്പ് ശക്തമാകുന്നത്.

വ്യവസായശാലകള്‍, അണക്കെട്ടുകള്‍, ദേശീയപാത, ക്വാറികള്‍, ഖനികള്‍ തുടങ്ങിയവക്ക് പരിസ്ഥിതി അനുമതി നല്‍കുന്നതിനുള്ള നിലവിലെ വ്യവസ്ഥകള്‍ കേന്ദ്രം പൊളിച്ചെഴുതുകയാണ്. എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ട പല പദ്ധതികളും ഇനി സംസ്ഥാനങ്ങളിലെ വിദഗ്ധ സമിതികള്‍ക്ക് കീഴിലാകും.

100 ഹെക്ടര്‍ വരെയുള്ള ഖനികള്‍, പെട്രോളിയം പദ്ധതികള്‍, ഡിസ്റ്റലറി തുടങ്ങിയവക്ക് കേന്ദ്രത്തിന്റെ പരിസ്ഥിതി ആഘാത നിര്‍ണ്ണയ പഠനം ഇല്ലാതെ തന്നെ സംസ്ഥാന തലത്തില്‍ അനുമതി വാങ്ങാം. അതായത് പരിസ്ഥിതി സംരക്ഷണത്തിനുള്ള പല നിയന്ത്രണങ്ങളും എടുത്തു കളയുന്നു. പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയ പരിധിയും വെട്ടിക്കുറച്ചു.

2006ലെ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കുന്നത്. കാലാവസ്ഥ വ്യതിയാനം ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണത്തില്‍ വീട്ടുവീഴ്ച പാടില്ലെന്ന് സുപ്രീംകോടതിയും ദേശീയ ഹരിത ട്രൈബ്യൂണലുകളും നിരവധി ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്. അതൊന്നും പാലിക്കാതെയാണ് കൊവിഡ് കാലത്തെ ഈ നീക്കമെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു.

എന്നാല്‍, പരിസ്ഥിതി അനുമതി വേഗത്തിലാക്കുന്നതാണ് പുതിയ വിജ്ഞാപനമെന്നാണ് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയത്. കാലാവസ്ഥ വ്യതിയാനം മൂലം പ്രളയം പോലുള്ള ദുരന്തങ്ങള്‍ കണ്‍മുമ്പില്‍ നില്‍ക്കെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി നിരവധി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Top