ഡോ.വന്ദനദാസ് കൊലക്കേസ്: കുറ്റപത്രം തുടര്‍നടപടികള്‍ക്ക് അയച്ചു

കൊട്ടാരക്കര: ഡോ.വന്ദന ദാസ് കൊലക്കേസ് കുറ്റപത്രം ജില്ലാ കോടതിയിലേക്ക്. കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ച ശേഷം തുടര്‍നടപടികള്‍ക്കായി കൊല്ലം കോടതിയിലേക്ക് അയച്ചു. 1050 പേജുള്ള കുറ്റപത്രം സംഭവം നടന്ന് 83-ാം ദിവസമാണു സമര്‍പ്പിച്ചത്. പ്രതി ജി.സന്ദീപ് ഇപ്പോഴും റിമാന്‍ഡിലാണ്. സന്ദീപിന്റെ ജാമ്യാപേക്ഷ ഓണ്‍ലൈനായി കൊട്ടാരക്കര കോടതി ഇന്നലെയും പരിഗണിച്ചിരുന്നു.

പക്ഷേ ജാമ്യാപേക്ഷ തള്ളി. സന്ദീപിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. കുറ്റപത്രം നല്‍കിയെന്നും ജാമ്യം നല്‍കരുതെന്നും കസ്റ്റഡി വിചാരണ വേണമെന്നും അന്വേഷണസംഘം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡിവൈഎസ്പി എം.എം.ജോസാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

കേസില്‍ അതിവേഗ വിചാരണ വേണമെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടറെ വേണമെന്നും ആവശ്യപ്പെട്ട് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് നല്‍കിയിട്ടുണ്ട്. സന്ദീപിന് എതിരെയുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതിഭാഗം അഭിഭാഷകനും നല്‍കിയിട്ടുണ്ട്. കൊല്ലം സെഷന്‍സ് കോടതിയിലാകും കേസിന്റെ വിചാരണ.

Top