ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണം, ആശുപത്രി വാസം നിര്‍ദ്ദേശിച്ച് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസികാരോഗ്യ നിലയറിയാന്‍ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍. ഇയാളെ ആശുപത്രിയില്‍ കിടത്തി വിശദമായി പരിശോധിക്കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരു ദിവസത്തെ പരിശോധന കൊണ്ട് പ്രതിയുടെ മാനസിക നില പൂര്‍ണമായും തിരിച്ചറിയാന്‍ കഴിയില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് വന്ദന ദാസ് കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് കൈമാറി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഡോ. മോഹന്‍ റോയ് അടക്കം ഏഴ് ഡോക്ടര്‍മാരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

സന്ദീപിനെ മനശാസ്ത്ര വിദഗ്ദ്ധരുടെ പ്രത്യേക സംഘം ആറര മണിക്കൂര്‍ നേരം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്നലെ ഇയാളുടെ ചെറുകരകോണത്തെ വീട്ടിലും , അയല്‍വാസിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പുലര്‍ച്ചെ എങ്ങനെ ശ്രീകുമാറിന്റെ വീട്ടില്‍ എത്തി എന്ന ചോദ്യത്തിന് സന്ദീപ് വ്യക്തമായി മറുപടി നല്‍കിയില്ല. അയല്‍വാസിയും സുഹൃത്തുമായ ശ്രീകുമാറിനെ ഇയാള്‍ തിരിച്ചറിഞ്ഞുമില്ല. സന്ദീപ് പോലീസിനെ വിളിച്ചുവരുത്താനുള്ള കാരണം കണ്ടെത്തുകയാണ് തെളിവെടുപ്പിന്റെ പ്രധാന ലക്ഷ്യം.

പിന്നീട് സന്ദീപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു തെളിവെടുക്കാനുള്ള തീരുമാനം പ്രതിഷേധം ഭയന്ന് മാറ്റി. ശനിയാഴ്ച വരെയാണ് പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയിരിക്കുന്നത്. കസ്റ്റഡി കാലാവധി തീരും മുമ്പ് പരമാവധി തെളിവ് ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അതേസമയം വന്ദനയുടെ ശ്വാസകോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കിട്ടിയിരുന്നു. വന്ദനയുടെ ശരീരത്തില്‍ മൊത്തം 17 കുത്തുകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Top