ഡോ. പി സരിന് എതിരെയുള്ള പരാതി ചോര്‍ന്നതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനര്‍ ഡോ. പി സരിന് എതിരെയുള്ള പരാതി ചോര്‍ന്നതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആക്ഷേപം ഉയരുന്നത്. പരാതി ചോര്‍ത്തിയതിന് പിന്നില്‍ ദുരുദ്ദേശം ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ കെപിസിസി നേതൃത്വം അന്വേഷണം ആരംഭിച്ചു.

അതേസമയം പരാതിക്ക് പിന്നില്‍ ഗ്രൂപ്പ് താല്പര്യമാണെന്ന വിമര്‍ശനമാണ് സരിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്നത്. ചുരുങ്ങിയ സമയത്തിനകം പ്രാദേശിക തലങ്ങളില്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ മീഡിയ വിഭാഗത്തെ സജ്ജമാക്കിയത് ഗ്രൂപ്പിന് അതീതമാണെന്നാണ് ഇവരുടെ വാദം. കെപിസിസി ഉപാധ്യക്ഷനായ വി ടി ബല്‍റാമാണ് ഡിജിറ്റല്‍ മീഡിയ വിഭാഗത്തിന്റെ ചെയര്‍മാന്‍. അതിനിടെ ഡിജിറ്റല്‍ മീഡിയ വിഭാഗത്തിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ കെപിസിസി ശ്രമം തുടങ്ങിയിട്ടുണ്ട്.ഡിജിറ്റല്‍ മീഡിയ വിഭാഗം അംഗങ്ങളായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ എസ് നായര്‍, രജിത്ത് രവീന്ദ്രന്‍, താര ടോജോ അലക്‌സ് ഉള്‍പ്പെടെ ആറ് അംഗങ്ങളായിരുന്നു സരിനിന് എതിരെ പരാതി നല്‍കിയത്. സരിന്‍ ചുമതല ഏറ്റെടുത്തതിന് ശേഷം ഡിജിറ്റല്‍ മീഡിയ വിഭാഗത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നു എന്നാണ് പരാതി. ഉപകരാര്‍ നല്‍കിയതില്‍ അടക്കം ക്രമക്കേടുകള്‍ ഉണ്ടായെന്നും ആരോപണമുണ്ട്.

ഡോ. പി സരിനെതിരെ ഹൈക്കമാന്റിന് ഉള്‍പ്പെടെ ഒരു വിഭാഗം അംഗങ്ങള്‍ നല്‍കിയ സരിന്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഡിജിറ്റല്‍ മീഡിയ വിഭാഗത്തെ ദുരുപയോഗം ചെയ്തു. സരിന്റെ നടപടികളെ ചോദ്യം ചെയ്തവരെ ചര്‍ച്ചാ ഗ്രൂപ്പുകളില്‍ നിന്ന് ഒഴിവാക്കി എന്ന ആക്ഷേപവും പരാതിയില്‍ ഉന്നയിച്ചു.പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന പ്രവര്‍ത്തനം ഭാഗത്തുനിന്നും ഉണ്ടായാലും വെച്ച് പൊറുപ്പിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കമാന്റിന്റേയും കെപിസിസിയുടെയും നിലപാട്. ഈ സാഹചര്യത്തിലാണ് കെപിസിസി രഹസ്യാന്വേഷണം ആരംഭിച്ചത്.

Top