അവയവ ദാതാവിന്റെ അമ്മയുടെ ആരോഗ്യപരിരക്ഷ ഏറ്റെടുത്ത് ഐഎംഎ

തിരുവനന്തപുരം: മകന്റെ ആരോഗ്യമുള്ള അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് കാണാന്‍ മഹാദാനം നടത്തിയ ഈ അമ്മയുടെ ആരോഗ്യ പരിരക്ഷയും ചികിത്സയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഏറ്റെടുത്തു.
കൊല്ലം ശൂരനാട് അര്‍ച്ചനയില്‍ അപകടത്തില്‍ മരണമടഞ്ഞ രാജന്‍ പിള്ളയുടെ ഭാര്യയും അപകടത്തില്‍ മരണമടഞ്ഞ അമല്‍രാജിന്റെ മാതാവുമായ വിജയശ്രീയുടെ ആരോഗ്യ പരിരക്ഷയാണ് ഐ.എം.എ.ഏറ്റെടുത്തത്.

കുടുംബത്തിലെ ഏക മകനായ അമല്‍രാജിന്റെ മരണം അലട്ടിയ അവസരത്തില്‍ പോലും വിജയശ്രീയുടെ കാരുണ്യം കാരണം നാല് പേര്‍ക്കാണ് ജീവിതം തിരികെ ലഭിച്ചത്. അതിന് വേണ്ടി അവര്‍ ചെയ്ത ത്യാഗത്തിന് വേണ്ടിയും മകന്‍ നഷ്ടപ്പെട്ട ദുഖം മാറാനായി വിജയശ്രീയെ കേരളത്തിലെ മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മയായി സ്വീകരിച്ചതായും ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.എന്‍.സുള്‍ഫി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റലൂടെ അറിയിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇനി വിജയശ്രീ ഞങ്ങളുടെ അമ്മ !
===========================

അവയവ ദാതാവിന്റെ അമ്മയുടെ ആരോഗ്യപരിരക്ഷയും ചികിത്സയും ഐഎംഎ ഏറ്റെടുക്കുന്നു
======================

അങ്ങനെ തുടങ്ങട്ടെ 2019 !

കഴിഞ്ഞകൊല്ലം ഏതാണ്ട് പരിപൂര്‍ണമായും നിലച്ചുപോയ അവയവദാന പ്രക്രിയ പുതുവത്സരത്തില്‍ തുടക്കമിടുന്നത് ഒരു അമ്മയുടെ കാരുണ്യം മൂലം .

അപകടത്തില്‍ മരിച്ച അമല്‍ എന്ന മകന്റെ അവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതം മൂളിയ കൊല്ലംകാരിയായ വിജയശ്രീയുടെ എല്ലാവിധ ആരോഗ്യപരിരക്ഷയും ചികിത്സയും ഞങ്ങള്‍ ഏറ്റെടുക്കുന്നു.

കഴിഞ്ഞകൊല്ലം കേരളത്തില്‍ ഏതാണ്ട് അഞ്ചില്‍ താഴെ മാത്രം അവയവദാനം നടന്നു എങ്കില്‍ 2019ലെ ആദ്യദിവസങ്ങളില്‍ തന്നെ ആദ്യ അവയവദാനം നടന്നത് അത്യന്തം ഊര്‍ജ്ജം നല്‍കുന്നു

രണ്ടായിരത്തില്‍ പരം രോഗികള്‍ അവയവദാനം പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുമ്പോള്‍ അവരില്‍ പ്രതീക്ഷിച്ച നല്‍കുന്നതാണ് വിജയശ്രീ എന്ന അമ്മയുടെ നിലപാട് .
അവയവദാനത്തെക്കുറിച്ച് നിരവധി
സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന അവസരത്തിലാണ് ഈ അമ്മയുടെ കാരുണ്യം നിറഞ്ഞ നിലപാട് .

ഇനി വിജയശ്രീ കേരളത്തിലെ മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മ.

വിജയശ്രീയുടെ
തീരുമാനം ആ രണ്ടായിരം ജീവനുകള്‍ക്ക് പുനര്‍ജന്മം നല്‍കാന്‍ ഇടയാക്കട്ടെ

ഒന്നും നഷ്ടപ്പെട്ട അമലിന് പകരമാക്കില്ല എങ്കിലും

ഞങ്ങള്‍ കൂടെയുണ്ട്.

ഡോ സുല്‍ഫി നൂഹു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

Top