ഇവിടെ കുറെ ജീവനുള്ള മെഷീനുകള്‍ ഓടി നടക്കുന്നുണ്ട്, സഹകരിക്കൂ! ഡോക്ടറുടെ കുറിപ്പ്

ചൈനയില്‍ കൊറോണ എന്ന വൈറസ് വ്യാപിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പേള്‍ തന്നെ, കേരളത്തില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ ഇത്തരം സാംക്രമിക രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വളരെ കരുതലോടെ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുണ്ട് നമുക്ക് ചുറ്റും. നിപ്പയെ അതിജീവിച്ച കേരളത്തിന് കൊറോണയെ തുരത്താന്‍ കഴിയും എന്ന വിശ്വാസവുമുണ്ട്.

എന്തിനാണ് ഇപ്പോള്‍ ഇതെല്ലാം പറയുന്നത്, എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ എന്ന് ഇപ്പോള്‍ പലരും ചിന്തിക്കുന്നുണ്ടാകും..

കൊറോണയെ ഭയക്കേണ്ടതില്ലെന്ന് സര്‍ക്കാരും മറ്റും പറയുമ്പോഴും ആഗോളതലത്തില്‍ തന്നെ ഭീഷണിയായി വ്യാപിച്ച വൈറസിന്റെ തീവ്രത എത്രത്തോളം ഉണ്ടാകും എന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. മിനുറ്റുകളുടെ വ്യത്യാസത്തില്‍ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു. ഈ സാഹചര്യത്തില്‍ ചില ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം എന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുമ്പോള്‍ അതിന് വില നല്‍കാതെ ഇഷ്ടത്തിന് അനുസരിച്ച് നടക്കുന്ന ആളുകള്‍ ഉണ്ട് ഈ നാട്ടില്‍. ഉത്തരേന്ത്യയില്‍ വിനോദയാത്ര പോയാല്‍ കുഴപ്പമുണ്ടോ? ഹോളി ആഘോഷിച്ചാല്‍ കുഴപ്പമുണ്ടോ? 14 ദിവസം വീടിനുള്ളില്‍ കഴിയാനോ? ഒരു ചെറിയ പനിക്ക് ഐസൊലേഷനോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം എന്ത് ഉത്തരം നല്‍കണം…

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു ഡോക്ടറുടെ കുറിപ്പാണ്. നിങ്ങള്‍ ഈ കുറിപ്പ് വായിക്കണം, എന്നിട്ട് തീരുമാനിക്കണം എന്തുവേണമെന്ന്, ഇതിലും വ്യക്തമായി മുന്നറിയിപ്പ് നല്‍കാന്‍ ആര്‍ക്കും കഴിയില്ല..

ഡോ. വി.കെ ഷമീറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

‘I don’t want to remember those days’

കോഴിക്കോട് മെഡിക്കല്‍ കോളേജ്, മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പിജി വിദ്യാര്‍ത്ഥി രാംകുമാറിന്റെ വാക്കുകളാണിവ. നിപ്പ എങ്ങനെ നേരിട്ടു എന്നു പറഞ്ഞു കൊടുക്കാന്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ക്ഷണിച്ചു കൊണ്ടുവന്നതായിരുന്നു. കുട്ടികള്‍ വിളിച്ചപ്പോള്‍ വരില്ലെന്നാണ് പറഞ്ഞത്. പറഞ്ഞ കാരണം അതു തന്നെ, തനിക്കതൊന്നും ഓര്‍ക്കാന്‍ ആഗ്രഹമില്ലെന്ന്. നമ്മുടെ കുട്ടികള്‍ അതറിയണമെന്ന് പറഞ്ഞ് ഞാനാണ് നിര്‍ബന്ധിച്ചത്. പ്രസംഗത്തില്‍ ആ വാചകം രാംകുമാര്‍ എത്ര തവണ ആവര്‍ത്തിച്ചെന്ന് ഓര്‍മ്മയില്ല. അതു കഴിഞ്ഞ് രാംകുമാര്‍ കുട്ടികളോട് ചോദിച്ചു

‘നിങ്ങള്‍ക്ക് പലര്‍ക്കും നിപ്പ പോലെ ഒരു സാഹചര്യം വന്നാല്‍ അതിലേക്ക് ചാടിയിറങ്ങണമെന്ന് തോന്നുന്നുണ്ടല്ലേ? എന്നാല്‍ എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങളെല്ലാവരും അങ്ങനെ ഒരു സാഹചര്യം വരാതിരിക്കാന്‍ ആഗ്രഹിക്കുക, പ്രാര്‍ത്ഥിക്കുക. ‘

ഒരു നിപ്പാ കാലത്തിന്റെ ഓര്‍മ്മകള്‍ പോലും ഞങ്ങള്‍ക്ക് കയ്പ്പാണ്.

അറിയാതെ പറഞ്ഞു പോവുകയാണ്. ചില ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ചില പരിഭവങ്ങള്‍ കാണുമ്പോള്‍.

ഉത്തരേന്ത്യയില്‍ വിനോദയാത്ര പോയാല്‍ കുഴപ്പമുണ്ടോ? ഹോളി ആഘോഷിച്ചാല്‍ കുഴപ്പമുണ്ടോ? 14 ദിവസം വീടിനുള്ളില്‍ കഴിയാനോ? ഒരു ചെറിയ പനിക്ക് ഐസൊലേഷനോ? ?

എന്റെ പ്രിയ സുഹൃത്തുക്കളേ, കൊറോണയെന്ന ഭീതി വന്ന മുതല്‍ ഇവിടെ ഓടിക്കൊണ്ടിരിക്കുന്ന കുറേ മെഷീനുകള്‍ ഉണ്ട്. രാവെന്നോ പകലെന്നോ നോക്കാതെ, തന്റെ ഡ്യൂട്ടി സമയം നോക്കാതെ, ഇല്ലാത്ത സൗകര്യങ്ങള്‍ കൊണ്ട് സൗകര്യങ്ങള്‍ ഉണ്ടാക്കുന്നവര്‍. ആലപ്പുഴയില്‍ ഡോ ജൂബി ജോണ്‍, തൃശ്ശൂരില്‍ ഡോ രാജേഷ്, കോഴിക്കോട്ട് ഡോ ശ്രീജിത്. മൂന്നു നോഡല്‍ ഓഫീസര്‍മാര്‍. മൂന്നു പേരും സുഹൃത്തുക്കളായതുകൊണ്ട് നന്നായി അറിയാം, വലിക്കുന്ന ചക്രശ്വാസത്തെ കുറിച്ച്. കൊച്ചി മെഡിക്കല്‍ കോളേജിനെ കുറിച്ച് ഡോ വീണ എഴുതിയതു വായിച്ചറിഞ്ഞതും ഇതു തന്നെ. കാഞ്ഞങ്ങാട്ട് എങ്ങനെ ആണാവോ ഇതുവരെ കണ്ടു പരിചയം പോലുമില്ലാത്ത ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കിയെടുത്തത്! പത്തനംതിട്ടയിലെ ഡോക്ടര്‍മാര്‍ ജീവിതത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത സമ്മര്‍ദ്ദത്തിലായിരിക്കും ഇപ്പോള്‍. ഡോക്ടര്‍മാരുടെ കൂടെയുള്ള റെസിഡന്റുമാര്‍, നഴ്‌സുമാര്‍, ബാക്കി സ്റ്റാഫ്.

ഒരോ രോഗിയും അവശേഷിപ്പിക്കുന്ന ആയിരങ്ങളുടെ സമ്പര്‍ക്ക ലിസ്റ്റും തേടി നടക്കുന്ന ആശാ വര്‍ക്കര്‍മാര്‍. സമ്പര്‍ക്കം വന്നവര്‍ക്ക് പനിക്കുന്നോ ചുമക്കുന്നോ എന്നാരായാന്‍ നടക്കുന്ന ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫ്, അവരെ നയിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍. ലിസ്റ്റിനു പുറത്ത് ലിസ്റ്റും അവരുടെ റൂട്ടും തിരയുന്ന കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം. ഇങ്ങനെ ഇവിടെ പരാമര്‍ശിച്ചവരും പരാമര്‍ശിക്കാത്തവരുമായി അനവധി ആളുകള്‍ ജീവിതം കഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. മൂന്ന് രോഗികള്‍ക്കേ രോഗം വന്നുള്ളൂ അവര്‍ക്കെല്ലാം സുഖം പ്രാപിച്ചു എന്നു പറയുമ്പോള്‍ നല്ല സുഖം തോന്നുന്നില്ലേ, അപ്പോഴേക്കും ഒരു ദശലക്ഷം ആളുകള്‍ ചെയ്യേണ്ട ജോലി ആയിരം ആളുകള്‍ കൂടി ചെയ്തു തീര്‍ത്തിട്ടുണ്ടാകും. പലതും നിങ്ങള്‍ അറിയാതെ. ആവശ്യത്തിന് സാധനങ്ങളോ സന്നാഹങ്ങളോ ഇല്ലാതെ.

നിങ്ങളോട് സ്വന്തം വീട്ടില്‍ ഇരിക്കാനേ പറയുന്നുള്ളൂ. അസുഖ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കാനും നിഷ്‌കര്‍ഷിച്ച സ്ഥലങ്ങളില്‍ മാത്രം വരാനും.

നിങ്ങളോട് ആഘോഷങ്ങള്‍ ഉപേക്ഷിക്കാനേ പറയുന്നുള്ളൂ.

നിങ്ങളോട് വിനോദയാത്രകള്‍ ഒഴിവാക്കാനേ പറയുന്നുള്ളൂ.

നിങ്ങളോട് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനേ പറയുന്നുള്ളൂ. രോഗീപരിചരണത്തില്‍ ഒരല്‍പം ശ്രദ്ധ കൊടുക്കാനേ പറയുന്നുള്ളൂ.

നിങ്ങള്‍ക്ക് വേണമെങ്കില്‍ സഹകരിക്കാതിരിക്കാം കേരളത്തില്‍ നമുക്കൊരു കോവിഡിന്റെ പ്രളയം തന്നെ ഉണ്ടാക്കാം. ലോകത്തിന് മുന്നില്‍ നമുക്ക് ലജ്ജിക്കാം.

ഒഎന്‍വി യുടെ ഒരു കവിതയുണ്ട്, കല്‍പ്പണിക്കാരെ കുറിച്ച്. അവര്‍ പണിയുന്ന മതിലിന്റെ ദൗര്‍ബല്യം മറയ്ക്കാന്‍ സ്വന്തം ഭാര്യയുടെ ശരീരം കല്ലുകള്‍ക്കിടയില്‍ വെച്ച് അടക്കുന്നതിനെ കുറിച്ച്. ഇവിടെ സാംക്രമിക രോഗങ്ങള്‍ക്കെതിരെ നാം പണിയുന്ന സംരക്ഷണ മതിലുകളിലെ കുറവുകളെല്ലാം മനുഷ്യ ശരീരങ്ങള്‍ വെച്ചാണ് നികത്തുന്നതെന്ന് ഓര്‍ക്കണം.

കവിതയില്‍ ആ സ്ത്രീ ചോദിക്കുന്ന അവസാന ആഗ്രഹമുണ്ട്. മതിലിനുള്ളില്‍ ഒരു കല്ലായി മാറുമ്പോഴും കുഞ്ഞിനെ മുലയൂട്ടാന്‍ ഉതകുന്ന രീതിയില്‍ മതില്‍ പണിയാന്‍.

Top