ഡോ. ഷഹനയുടെ ആത്മഹത്യാക്കേസ്; പ്രതി റുവൈസ് ജാമ്യാപേക്ഷ നല്‍കി, കോടതി തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യാക്കേസ് പ്രതി റുവൈസ് ജാമ്യാപേക്ഷ നല്‍കി. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷയും നല്‍കും. ജാമ്യം അനുവദിക്കരുതെന്നും കൂടുതല്‍ തെളിവെടുപ്പ് വേണമെന്നും പൊലീസ് കോടതിയെ അറിയിക്കും.

ഷഹനയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹന വാട്‌സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹനയെ ബ്ലോക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. തിങ്കളാഴ്ച രാത്രിണ് ഷഹനയെ അബോധാവസ്ഥയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തി. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തത്. ഷഹനയുടെ ഫോണില്‍ നിന്നും മെസേജിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോ. ഷഹനയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ് ഐആറിലുളളത്. കേസില്‍ റുവൈസിന്റെ പിതാവിനെയും പ്രതി ചേര്‍ക്കും.

റുവൈസിന്റെ പിതാവ് ഒളിവിലാണ്. പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ഷഹനയുടെ കുടുംബത്തിന് സ്ത്രീധനം നല്‍കാനാത്തതിനാല്‍ വിവാഹ ബന്ധത്തില്‍ നിന്നും റുവൈസ് പിന്‍മാറിയതാണ് ഡോ. ഷഹനയുടെ ആത്മഹത്യക്ക് ഇടയാക്കിയത്. കേസിന്റെ കുറ്റപത്രം സമയബന്ധിതമായി നല്‍കാനാണ് പൊലിസിന്റെ തീരുമാനം. ഇതിനായി തെളിവെടുപ്പുകള്‍ക്കായാണ് റൂവൈസിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

ഷഹനയുടെ ആത്മഹത്യയില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കും. കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കള്‍ സ്ത്രീധന തുക ചോദിക്കുകയും സമ്മര്‍ദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹനയുടെ അമ്മ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും.

Top