ആയുര്‍വേദ ആചാര്യന്‍ ഡോ പി.കെ വാരിയര്‍ അന്തരിച്ചു

കോട്ടയ്ക്കല്‍: ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ വാരിയര്‍(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്. പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേത്തെ ആദരിച്ചിരുന്നു. ആയുര്‍വേദം എന്നത് ഒരു ചികിത്സാ വിധി മാത്രമല്ല അതൊരു പാരമ്പര്യമാണ് എന്ന് ഉദ്ഘോഷിച്ച വൈദ്യനായിരുന്നു പി.കെ വാരിയര്‍.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തില്‍ 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്. ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ആണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്നം പി.എസ് വാര്യര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മകഥയായ ‘സ്മൃതിപര്‍വം’ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.

ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ ‘പാദമുദ്രകള്‍’ പോലെ മറ്റു പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പല അക്കാദമിക് കൗണ്‍സിലുകളിലും അംഗമായി. ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രണ്ടു തവണ അദ്ദേഹം സേവനമനുഷ്ഠിച്ചു. സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ്‌സ് റിസര്‍ച്ചിന്റെ (സി.എം.പി.ആര്‍) പ്രോജക്ട് ഓഫിസര്‍ കൂടിയാണ് അദ്ദേഹം.

1999ല്‍ പത്മശ്രീ, 2010ല്‍ പത്മഭൂഷണ്‍ തുടങ്ങി നിരവധി ബഹുമതികള്‍ രാജ്യം അദ്ദേഹത്തിന് നല്‍കി. 1987ല്‍ കോപ്പന്‍ഹേഗനില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ അവാര്‍ഡ് കരസ്ഥമാക്കി. 1999ല്‍ കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചു.

കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ് ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യര്‍, കെ. വിജയന്‍ വാര്യര്‍ (പരേതന്‍), സുഭദ്ര രാമചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

 

 

Top