ആയുര്‍വേദാചാര്യന്‍ ഡോ. പി.കെ.വാരിയര്‍ക്ക് നൂറാം പിറന്നാള്‍

കോട്ടക്കല്‍: ആയുര്‍വേദാചാര്യന്‍ ഡോ. പി.കെ.വാരിയര്‍ക്ക് ഇന്ന് നൂറാം പിറന്നാള്‍. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കല്‍ ഡയറക്ടറുമായ പദ്മഭൂഷണ്‍ ഡോ. പികെ വാരിയരുടെ നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ ആര്യവൈദ്യശാല നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ശതപൂര്‍ണിമ’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പി.കെ.വാരിയര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

‘ചികിത്സതേടി തനിക്കു മുന്‍പില്‍ എത്തിച്ചേരുന്ന രോഗികള്‍ക്ക് സാന്ത്വനം നല്‍കി, വ്യക്തി ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന, വിനയാന്വിതനായ, സ്‌നേഹസമ്പന്നനായ പ്രതിഭാശാലിയാണ് ആയുര്‍വേദത്തിലെ ഈ കുലപതി. അഗാധമായ മാനവികത പുലര്‍ത്തുന്ന മനുഷ്യസ്‌നേഹിയും മികച്ചഭരണാധികാരി യുമായ ഡോ. പി.കെ. വാരിയര്‍ക്ക് ആരോഗ്യവും കര്‍മ്മോത്സുകതയും ആശംസിക്കുന്നു.’ മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി സമര്‍പ്പിച്ച ധന്യമായ ജീവിതമാണ് പി.കെ. വാരിയരുടേത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ ആയുര്‍വേദത്തിന് അംഗീകാരം നേടിയെടുക്കുന്നതിനായി ഡോ. പി.കെ. വാരിയര്‍ നടത്തിയ ശ്രമങ്ങള്‍ കൂടി പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

വെര്‍ച്വലായി നടന്ന ചടങ്ങില്‍ കോട്ടയ്ക്കല്‍ നിയോജകമണ്ഡലം എം.എല്‍.എ. പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ്, കോട്ടയ്ക്കല്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ബുഷ്‌റ ഷബീര്‍, ആയുഷ് ഡിപ്പാര്‍ട് മുന്‍ സെക്രട്ടറി ശ്രീമതി ഷൈലജ ചന്ദ്ര, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. പി.എം. വാരിയര്‍ സ്വാഗതമാശംസിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജി.സി. ഗോപാലപിളള കൃതജ്ഞത പറഞ്ഞു.

Top