ചിരിയുടെ വലിയ ഇടയന് വിട

 

കോട്ടയം: നര്‍മത്തിലൂടെ ദൈവിക ദര്‍ശനം അനുയായികള്‍ക്ക് പകര്‍ന്നു നല്‍കിയ  ലോക പ്രശസ്തനായ മലങ്കര മാര്‍ത്തോമാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) കാലം ചെയ്തു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നാണ് മെത്രോപ്പോലീത്തയുടെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പത്തനംതിട്ട  ഇരവിപേരൂര്‍ കലകമണ്ണില്‍ കെ.ഇ ഉമ്മന്‍ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് ജനനം. ആദ്യ പേര് ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. കോഴഞ്ചേരി, ആലുവ എന്നിവിടങ്ങളില്‍ സ്‌കൂള്‍ കോളേജ് പഠനം. ബാംഗ്ലൂര്‍ യുണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളജ് എന്നിവിടങ്ങളില്‍ ഉപരിപഠനം. 1944ല്‍ പട്ടക്കാരനായും 59ല്‍ സഭയുടെ എപ്പിസ്‌കോപ്പയായും ചുമതലയേറ്റു. 1999ല്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രപ്പോലീത്തയുടെ പിന്‍ഗാമിയായി സഭയുടെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തി. 2007ല്‍ പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്നുള്ള രണ്ടര പതിറ്റാണ്ട് വലിയ മെത്രാപൊലീത്ത എന്ന സ്ഥാനത്ത് അദ്ദേഹം പൊതു സമൂഹത്തില്‍ സജീവമായിരുന്നു.

ഒരു സമൂഹത്തെയാകെ ചിന്തയുടെയുടെയും അന്വേഷണത്തിന്റെയും ആത്മീയ വഴിയില്‍ നയിച്ച മഹത് വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം. ലോകത്തിലെ പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവസഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയചാര്യനുമായിരുന്നു അദ്ദേഹം.   2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാളാണ്. കാലവും ചരിത്രവും ജന സഹസ്രങ്ങളും എന്നും ഓര്‍മിക്കുന്ന പേരായി മാറുകയാണ് മാര്‍ ക്രിസോസ്റ്റം എന്ന വലിയ തിരുമേനി.

 

Top