പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ. പി.എം മാത്യു വെല്ലൂര്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ. പി.എം മാത്യു വെല്ലൂര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം. തിരുവനന്തപുരം കവടിയാറിലെ വസതിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച വൈകിട്ടായിരുന്നു മരണം സംഭവിച്ചത്.

1933 ജനുവരിയില്‍ മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയില്‍ പാലയ്ക്കല്‍ താഴെ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആദ്യകാലത്ത് സംപ്രേക്ഷണം ചെയ്തിരുന്ന മനഃശാസ്ത്ര പരിപാടികളിലൂടെയാണ് ഡോക്ടർ മാത്യു വെല്ലൂർ കൂടുതൽ ശ്രദ്ധേയനായത്. അധ്യാപകന്‍, ഗ്രന്ഥകാരന്‍, ഗവേഷകന്‍ തുടങ്ങിയ മേഖലകളിലും ശ്രദ്ധേയനായിരുന്നു. വെല്ലൂര്‍ സിഎംസി കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാ കേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായിരുന്നു അദ്ദേഹം.

മനഃശാസ്ത്രം, കുടുംബജീവിതം എന്നീ മാസികകളുടെ ആദ്യകാല പത്രാധിപരായിരുന്നു. മനഃശാസ്ത്രപരമായ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ അറിയപ്പെടുന്ന പ്രഭാഷകനുമായിരുന്നു അദ്ദേഹം. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് മാവേലിക്കരയിലെ കരിപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

Top