സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി വിചിത്രമെന്ന് ഡോ.കഫീല്‍ ഖാന്‍

ന്യൂഡല്‍ഹി: സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി വിചിത്രമെന്ന് ഡോ.കഫീല്‍ ഖാന്‍. അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തന്റെ കര്‍മ്മമാണ്. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപ്പോക്കലാണോ എന്നത് സംശയിക്കേണ്ടിരിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് സര്‍ക്കാര്‍ പിരിച്ചുവിടല്‍ നടപടി അറിയിക്കുന്നത്. തനിക്ക് നേരിട്ട് ഒരു വിവരവും സര്‍ക്കാര്‍ തന്നില്ലെന്നും കഫീല്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബി ആര്‍ ഡി മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതല്‍ കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷനെതിരായ നിയമ പോരാട്ടം കോടതിയില്‍ തുടരവേയാണ് സര്‍ക്കാര്‍ കഫീല്‍ ഖാനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.

പെട്ടെന്ന് സര്‍ക്കാര്‍ തന്നെ പുറത്താക്കയതിന്റെ കാരണം അറിയില്ലെന്ന് ഡോ.കഫീല്‍ ഖാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികളുടെ മരണത്തിന് ഉത്തരവാദി യു പി സര്‍ക്കാര്‍ ആണെന്നും യഥാര്‍ത്ഥ കുറ്റക്കാരനായ ആരോഗ്യ മന്ത്രി ഇപ്പോളും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു.

യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ കഫീല്‍ ഖാന്‍ ഓക്‌സിജന്‍ ലഭ്യതയുടെ അഭാവത്തെതുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായിരുന്നു. ഈ കേസില്‍ മാസങ്ങളോളം ഇദ്ദേഹത്തെ ജയിലില്‍ അടിച്ചിരുന്നു.

Top