ഡോ. ജോ ജോസഫ് തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ജോ ജോസഫ് മത്സരിക്കുന്നത്. 12ന് ( വ്യാഴാഴ്ച) എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 13,14 തീയതികളിൽ ലോക്കൽ കൺവെൻഷനുകൾ നടക്കും.

ഹൃദ്‌രോഗചികിത്സകൻ, സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അംഗീകാരം നേടിയ ആളാണ് ഡോ. ജോ ജോസഫ്. ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായ ഡോക്ടർ എന്നനിലയിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിന് വലിയ നേട്ടമാകും. മുത്തുപോലൊരു സ്ഥാനാർത്ഥി. ഇങ്ങനെയൊരു സ്ഥാനാർത്ഥിയെ ലഭിച്ചത് തൃക്കാക്കരയിലെ ജനങ്ങളുടെ മഹാഭാഗ്യമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.

താൻ സഭയുടെ സ്ഥാനാർഥിയല്ലെന്നും സിപിഎമ്മിന്റെ മെഡിക്കൽ ഫ്രാക്ഷൻ അംഗമാണെന്നും ഇടതുസ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു. സമുദായത്തിന്റെ നോമിനിയാണെന്നുപറയുന്നത് വെറും ആരോപണം മാത്രമാണ്. സ്ഥാനാർത്ഥിത്വത്തിൽ സഭ ഇടപെട്ടിട്ടില്ലെന്ന് നൂറുശതമാനവും ഉറപ്പിച്ചുപറയാം. സഭയുടെ സ്ഥാപനത്തിൽ പത്തുവർഷമായി പ്രവർത്തിക്കുന്ന ആൾ മാത്രമാണ് താൻ. അതുകൊണ്ട് സഭാസ്ഥാനാർത്ഥിയെന്ന് പറയാൻ പറ്റില്ലെന്നും ഡോ. ജോ ജോസഫ് പറയുന്നു.

Top