സാമൂഹിക സുരക്ഷാ മിഷനില്‍ നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. പകരം ചുമതല ഷീബ ജോര്‍ജ് ഐഎഎസിന് നല്‍കും. കാലാവധി അവസാനിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് മാറ്റം. തിരികെ ആരോഗ്യവകുപ്പിലേക്കാണ് അഷീല്‍ പോകുന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞ കരാര്‍ പുതുക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറായില്ല.

അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതുകൊണ്ട് സ്ഥാനമൊഴിയുകയാണെന്നാണ് ഡോ. അഷീല്‍ നല്‍കുന്ന വിശദീകരണം. ഡോ. അഷീല്‍ തന്നെ ആവശ്യപ്പെട്ടതുകൊണ്ടാണ് തിരികെ ആരോഗ്യവകുപ്പിലേക്ക് തന്നെ പോകുന്നതെന്നും വിവരമുണ്ട്. വളരെ നിര്‍ണായകമായ പങ്കാണ് കൊവിഡിനെ നേരിടുന്നതില്‍ അഷീല്‍ വഹിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വളരെ ജനപ്രീതി പിടിച്ചുപറ്റിയ വ്യക്തിയാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആരോഗ്യവകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഡോ. അഷീല്‍ സാമൂഹ്യ സുരക്ഷാ മിഷനിലേക്ക എത്തുന്നത്. കൊവിഡ് പ്രതിരോധം സംബന്ധിച്ച് നിരവധി ബോധവത്കരണ വീഡിയോകള്‍ ചെയ്ത് ഡോ. അഷീല്‍ ശ്രദ്ധ നേടിയിരുന്നു. എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും ഡോ. അഷീല്‍ ആരോഗ്യവകുപ്പിന് വേണ്ടി നടത്തിയിട്ടുണ്ട്.

Top