സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡോ.ബിജു

biju

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡോ.ബിജു. ഇക്കാര്യം വ്യക്തമാക്കി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെക്രട്ടറിക്കും അദ്ദേഹം ഔദ്യോഗികമായി കത്ത് നല്‍കി. ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.

മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി എസ് വെങ്കിടേശ്വരന്‍ ചൊവ്വാഴ്ച രാജിവെച്ചിരുന്നു. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.

അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നേരത്തെ നിവേദനം നല്‍കിയിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ അടക്കം ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ഡബ്ല്യു.സി.സി അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും അടക്കം 107 പേരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്.

Top