സുകുമാര കുറുപ്പ് തീയേറ്ററിൽ തന്നെ, എത്തുന്നത് വിവിധ ഭാഷകളിൽ

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സുകുമാര കുറുപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഒ.ടി.ടി റിലീസായെത്തുമെന്ന വാർത്തകൾ നേരത്തെ വന്നിരുന്നെങ്കിലും തിയേറ്ററുകളിലൂടെ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍. 35 കോടി മുതല്‍ മുടക്കുള്ള ചിത്രമെത്തുന്നത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായിരിക്കും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ട ചിത്രീകരണമായിരുന്നു കുറുപ്പിന്റേത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചിട്ടുണ്ട്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പെരുന്നാള്‍ റിലീസായി തയ്യാറെടുത്തിരുന്നുവെങ്കിലും കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നീണ്ടു പോവുകയായിരുന്നു. ജിതിന്‍ കെ ജോസിന്റെ കഥയിൽ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ – വിഘ്‌നേഷ് കിഷന്‍, രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യര്‍, കോസ്റ്റ്യൂംസ് – പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, പി ആര്‍ ഒ – ആതിര ദില്‍ജിത്, സ്റ്റില്‍സ് – ഷുഹൈബ് ടആഗ, പോസ്റ്റര്‍ ഡിസൈന്‍ – ആനന്ദ് രാജേന്ദ്രന്‍.

Top