സ്കൂളുകള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

വയനാട് : വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. നവംബര്‍ 30 ന് മുന്‍പ് എല്ലാ സ്‌കൂളുകളിലും പിടിഎ മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

സ്‌കൂളുകളില്‍ ദ്വാരങ്ങളോ വിളളലുകളോ ഉണ്ടെങ്കില്‍ അടുത്തമാസം 5 ന് മുന്‍പ് അടയ്ക്കണം, ക്ലാസ് മുറികളില്‍ പാദരക്ഷകള്‍ ഉപയോഗിക്കുന്നത് വിലക്കരുത്, സ്‌കൂള്‍ പരിസരങ്ങളിലെ പാഴ്‌ച്ചെടികളും പടര്‍പ്പുകളും വെട്ടിമാറ്റാന്‍ നടപടിയെടുക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ശുചിമുറികളില്‍ വെളിച്ചം ഉറപ്പാക്കണമെന്നും സ്‌കൂള്‍ പരിസരത്ത് പാഴ് വസ്തുക്കള്‍ കൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ അസ്വസ്ഥത ഉണ്ടായാല്‍ പോലും ജാഗ്രതയോടെ വൈദ്യസഹായത്തിനുളള തുടര്‍നടപടി എടുക്കാനും സര്‍ക്കുലറില്‍ പറയുന്നു. നടപ്പാക്കിയ കാര്യങ്ങളുടെ പുരോഗതി ഡിസംബര്‍ 10ന് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

Top