സ്ത്രീധനപീഡനം; യുവതി തൂങ്ങിമരിച്ചു, ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. കരുനാപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയില്‍ സുബിന്‍(30) ആണ് അറസ്റ്റിലായത്.
ഭാര്യ തൊടിയൂര്‍പുലിയൂര്‍ വഞ്ചി ആതിരാലയത്തില്‍ ആതിര(26) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണയ്ക്കും പീഡനത്തിനുമാണ് അറസ്റ്റ്.

കഞ്ചാവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷം സുബിന്‍ ആതിരയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കാതെ സ്വന്തം വീട്ടിലേക്കുപോയ ആതിരയെ വീണ്ടും സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുവന്ന് ഉപദ്രവം തുടര്‍ന്നു. അഞ്ചുവര്‍ഷംമുമ്ബ് ഇരുവരും പ്രേമിച്ച് വിവാഹം കഴിച്ചതായിരുന്നു.

കുട്ടികള്‍ ഇല്ലെന്നും സ്ത്രീധനം തന്നില്ലെന്നും പറഞ്ഞ് ആതിരയെ സുബിന്‍ നിരന്തരം പീഡിപ്പിച്ചിരുന്നു.
ആതിര കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു. 30ന് ഞായറാഴ്ച വൈകിട്ടാണ് ആതിരയെ കിടപ്പുമുറിയില്‍ഫാനില്‍കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

തലേദിവസം രാത്രിമുതല്‍ ഇരുവരും വഴക്കിട്ടിരുന്നുവെന്നും സുബിന്‍ ആതിരയെ മര്‍ദ്ദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മരണദിവസം ഉച്ചക്കും സുബിന്‍ ഭാര്യയെമര്‍ദ്ദിച്ചു. ഇയാളുടെ പീഡനം വ്യക്തമായതിനാലാണ് അറസറ്റ്.

 

Top