കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളുടെ കണക്കുകള്‍ പുറത്ത്‌

ഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകള്‍ ഏതൊക്കെ എന്ന വിവരം പുറത്തിറക്കി ആപ്പ് ആനി അനലിറ്റിക്‌സ് കമ്പനി. ഇതനുസരിച്ച് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ടിക്ടോക് എന്നീ ആപ്പുകളാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്തത് .യൂട്യൂബ് ആണ് ഏറ്റവും കൂടുതല്‍ നേരം വീഡിയോ സ്ട്രീമിങ്ങിനായി ഉപയോഗിച്ച പ്ലാറ്റ്‌ഫോം. സബ്വേ സര്‍ഫേഴ്‌സ് ആണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ഗെയിം. എന്നാല്‍ ഇന്ത്യയിലേക്ക് എത്തിയാല്‍ ഈ സ്ഥാനം ലുഡോ കിംഗിനാണ്. ഇന്ത്യയിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ലഭിച്ചത് ഫേസ്ബുക്കിനാണ്.

വാട്‌സ്ആപ്പ്, സ്‌നാക്ക് വീഡിയോ, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവയാണ് യഥാക്രമം ഇവയ്ക്ക് പിന്നിലുള്ളത്. ഇതില്‍ ടിക് ടോക്കും സ്‌നാക്ക് വീഡിയോയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ആപ്പുകള്‍ ആണ്. വീഡിയോ സ്ട്രീമിങ്ങ് ആപ്പുകളില്‍ യൂട്യൂബ് തന്നെയാണ് ഇന്ത്യയിലും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഒരു മാസം ശരാശരി 26.5 മണിക്കൂര്‍ എന്ന കണക്കിലാണ് യൂട്യൂബ് ഈ സ്ഥാനം സ്വന്തമാക്കിയത്.

ഒരു മാസം ശരാശരി 38 മണിക്കൂറിലധികം സമയം ഒരാള്‍ യൂട്യൂബ് കാണുന്നുണ്ട്. എംഎക്‌സ് പ്ലെയര്‍, ഡിസ്‌നീ പ്ലസ് ഹോട്സ്റ്റാര്‍, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയാണ് യൂട്യൂബിന് പിന്നിലുള്ളവ. ”സ്റ്റേറ്റ്‌സ് ഓഫ് മൊബൈല്‍ 2021” എന്ന പ്രത്യേക റിപ്പോര്‍ട്ടിലാണ് ഇവ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമയം ഉപയോക്താക്കള്‍ ചിലവഴിച്ച ആപ്പുകള്‍ ടിന്‍ഡര്‍, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍, ഗൂഗിള്‍ വണ്‍, ട്രൂകോളര്‍, നെറ്റ്ഫ്‌ലിക്‌സ്, ഉദെമി എന്നിവയാണ്. ബിസിനസ്സ് ആപ്പുകളായ സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്ട് ടീംസ് തുടങ്ങിയ ആപ്പുകളുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. മൂന്ന് ബില്യണ്‍ മണിക്കൂറുകളാണ് 2020 പകുതി കഴിഞ്ഞപ്പോഴേക്കും ഇന്ത്യക്കാര്‍ ഈ ബിസിനസ്സ് അപ്പുകളില്‍ ചിലവഴിച്ച സമയം. വാര്‍ത്തകളും കായിക മത്സരങ്ങളും സ്ട്രീം ചെയ്യുന്ന ആപ്പുകളെ ഒഴിവാക്കിയുള്ള കണക്കാണിത്.

Top