സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടികയിലെ ഇരട്ടിപ്പ്; ഡാറ്റാ എന്‍ട്രിയിലുള്ള പിഴവെന്ന് ഡിഎംഒമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ഡിഎംഒമാര്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി. തങ്ങളുടെ ഭാഗത്തല്ല, ഡാറ്റാ എന്‍ട്രിയിലുള്ള പിഴവാണ് കാരണമെന്ന് ഡിഎംഒമാര്‍ വിശദികരിച്ചു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്നും ഡിഎംഒമാര്‍ പറഞ്ഞു.

5 ജില്ലയിലെ ഡിഎംഒമാരോടാണ് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം തേടിയത്. കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിലെ കണക്കുകളില്‍ പിഴവ് പറ്റിയെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. 2020 ജനുവരി 30 മുതല്‍ 2021 ജൂണ്‍ 18 വരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മരണത്തില്‍ പിഴവ് സംഭവിച്ചു. ഈ കാലയളവില്‍ 3,252 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ കണക്കുകളില്‍ 3,779 മരണങ്ങള്‍ ചേര്‍ക്കപ്പെട്ടു. 527 മരണങ്ങളാണ് അധികമായി ചേര്‍ത്തത്. പിന്നാലെ കഴിഞ്ഞ ജനുവരി 29 ന് ഡിഎംഒമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നലെയാണ് വിശദീകരണം നല്‍കിയത്.

 

 

Top