ഇരട്ട നരബലിക്കേസ്; അവയവ കച്ചവടത്തിനുള്ള സാധ്യത തള്ളി സിറ്റിപൊലീസ് കമ്മീഷ്ണർ

കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ നിരവധി ശാസ്ത്രീയ തെളിവുകൾ ലഭിച്ചെന്ന് സിറ്റിപൊലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജു. കാശപ്പുകാർ ചെയ്തത് പോലെയാണ് പ്രതികൾ മൃതദേഹങ്ങൾ വെട്ടിമുറിച്ചത്. അവയവ കച്ചവട സാധ്യത ഈ കേസിലില്ല. അത്തരം വാർത്തകളിൽ കഴമ്പില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ അവയവ മാറ്റം സാധ്യമല്ല. അന്വേഷണം അതിവേഗം പൂർത്തിയാക്കുമെന്നും സി എച് നാഗരാജു പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ നിരവധി ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ഇരകളെ കണ്ടെത്താൻ ഉപയോഗിച്ചത്. സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്നവരാണ് പ്രതികളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇലന്തൂർ നരബലി കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇന്നലെ വൈകീട്ട് 2 മണിക്കൂർ നീണ്ട തെളിവെടുപ്പിനൊടുവിലാണ് കൊല്ലപ്പെട്ട പത്മത്തിന്റെ 39 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

പത്മത്തെ കൊലപ്പെടുത്തിയ ശേഷം ഷാഫി ഇവരുടെ സ്വർണാഭരണങ്ങൾ ഗാന്ധി നഗറിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് ഒരു ലക്ഷത്തിപ്പതിനായിരം രൂപ വാങ്ങിയിരുന്നു. ഇതിനു മുമ്പ് ഷാഫി ഈ ധനകാര്യ സ്ഥാപനത്തിൽ നടത്തിയ പണമിടപാടും അന്വേഷണ സംഘം പരിശോധിച്ചു. സ്‌കോർപിയോ വിറ്റുവെന്ന് പറഞ്ഞ് 40000 രൂപ വീട്ടിൽ നൽകിയെന്നാണ് ഷാഫിയുടെ ഭാര്യ നേരത്തേ പൊലീസിന് മൊഴി നൽകിയത്. അതിനാൽ ബാക്കി തുകയെ സംബന്ധിച്ചും ഷാഫി മറുപടി പറയേണ്ടി വരും.

 

Top