കാബൂളില്‍ സൈനിക ആശുപത്രിയില്‍ ഇരട്ട സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക ആശുപത്രിയില്‍ വെടിവെപ്പിന് പിന്നാലെ ഇരട്ട സ്‌ഫോടനം. 19 പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ കാബൂളിലെ സര്‍ദാര്‍ മുഹമ്മദ് ദൗദ് ഖാന്‍ സൈനിക ആശുപത്രിയുടെ കവാടത്തിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. പ്രദേശത്തേക്ക് സുരക്ഷാസേനയെ അയച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് ക്വാരി സയീദ് പറഞ്ഞു.

മരണസംഖ്യയുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ഒരു കൂട്ടം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ ആശുപത്രിയിലേക്ക് കടക്കുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട് . ഏറ്റുമുട്ടലിനു ശേഷമാണ് സ്‌ഫോടനം നടന്നത്.

Top