‘ത്രിപുരയിൽ ദോസ്തിയും കേരളത്തിൽ ഗുസ്തിയും’; സിപിഎം-കോൺഗ്രസ് സഖ്യത്തിന് പ്രധാനമന്ത്രിയുടെ വിമർശനം

ദില്ലി: ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പരാമർശം.

കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നു. ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണ്, ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാറാണ് ത്രിപുരയിൽ വികസനമെത്തിച്ചതെന്നും മോദി പറഞ്ഞു.

ത്രിപുരയെ സംഘർഷ മുക്തമാക്കിയത് ബിജെപിയാണെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസും ഇടത് പാർട്ടികളും സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കി. ത്രിപുരയെ പുരോഗതിയിലേക്ക് നയിച്ചത് ബിജെപി സർക്കാരാണെന്നും അംബാസയിലെ പ്രചാരണ റാലിയിൽ മോദി പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ ഗോമതിയിലെയും അംബാസയിലെയും റാലികളിലാണ് പ്രധാനമന്ത്രി ഇന്ന് പ്രചാരണത്തിന് എത്തിയത്. പ്രധാനമന്ത്രിയുടെ പ്രചാരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം, ത്രിപുരയിൽ അർദ്ധ സൈനിക വിഭാഗത്തിന് പകരം ഗുജറാത്ത് അസം പൊലീസിനെ വിന്യസിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവർ ത്രിപുരയിൽ സി പി എമ്മിനായി പ്രചാരണം നടത്തുന്നുണ്ട്. കോൺഗ്രസ് പ്രചാരണത്തിനായി അധിർ രഞ്ജൻ ചൗധരിയും ഇന്ന് ത്രിപുരയിൽ എത്തി.

Top