സംസ്ഥാനത്ത് വാതില്‍പ്പടി സേവനം നിലവില്‍ വന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ പോകാതെ തന്നെ ജനങ്ങള്‍ക്ക് സേവനം ലഭ്യമാകുന്ന വാതില്‍പ്പടി സേവനം സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ വാതില്‍പ്പടി സേവനം നടപ്പിലാക്കുന്നത് 50 പഞ്ചായത്തുകളിലാണ്. ഡിസംബറോടെ സംസ്ഥാനത്ത് സേവനം വ്യാപിപ്പിക്കാന്‍ കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പ്രായാധിക്യം ചെന്നവര്‍, ചലന പരിമിതിയുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ സേവനം ലഭിക്കുക. അഴിക്കോട് , പട്ടാമ്പി, ചങ്ങനാശേരി,കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിലെ 50 പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുന്നതെങ്കിലും ഡിസംബറോടെ സംസ്ഥാനത്ത് ഈ സേവനം വ്യാപിപ്പിക്കാന്‍ കഴിയുമെന്നും അഞ്ച് സേവനങ്ങളാണ് ആദ്യം ലഭ്യമാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആശാവര്‍ക്കര്‍മാര്‍, അംഗനവാടി പ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍ തദ്ദേശസ്ഥാപനം എന്നിവയുടെ സഹായത്തോടെ അര്‍ഹതയുള്ളവരെ കണ്ടെത്തും. ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങാതെ അവരുടെ ആവശ്യം നടക്കണം. അങ്ങിനൊരു നാടാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍, പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അവരുടെ താല്‍പര്യം സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top