‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടിയിൽ ഇരിക്കാലോല്ലെ’ ; വ്യത്യസ്‌ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചതിനെതിരെ വിദ്യാർഥികളുടെ വ്യത്യസ്ത പ്രതിഷേധം ശ്രദ്ധേയമായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ചാണ് ചിലർ ബെഞ്ച് വെട്ടിപ്പൊളിച്ചത്. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ ഒരാളുടെ മടിയിൽ മറ്റൊരാൾ ഇരുന്നു കൊണ്ടായിരുന്നു സിഇടിയിലെ വിദ്യാർഥികൾ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിച്ചത്.

കോളേജിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിദ്യാർഥികൾ പലപ്പോഴും ഒഴിവ് സമയങ്ങളിൽ ഇരിക്കാറുണ്ട്. ജൂലൈ പത്തൊമ്പതിന് വൈകിട്ട് വിദ്യാർഥികൾ കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയത് കണ്ടത്. എന്താ സംഭവമെന്ന് ആദ്യം വിദ്യാർഥികൾക്ക് മനസ്സിലായില്ല. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് മനസ്സിലായതോടെ വിദ്യാർഥികൾക്കിടയിൽ പ്രതിഷേധമുയർന്നു. തുടർന്ന് വിദ്യാർത്ഥികൾ ഇതിന് മറുപടിയായി മടിയിൽ ഇരുന്ന് കൊണ്ട് പ്രതിഷേധിക്കുകയായിരുന്നു. കോളജിലെ രണ്ടാം വർഷ വിദ്യാര്‍ഥികളാണ് വ്യത്യസ്തമായ ഈ പ്രതിഷേധത്തിന് പിന്നിൽ.

പ്രതിഷേധത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് വിദ്യാര്‍ഥികൾ ചിത്രം പങ്കുവച്ചത്. ഈ ചിത്രം വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ വിവിദ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളടക്കമുള്ളവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.

സംഭവം വൈറലാകുമെന്നും ഇത്രയേറെ പിന്തുണ ലഭിക്കുമെന്നൊന്നും കരുതിയില്ലെന്നാണ് പ്രതിഷേധത്തിന്റെ ഭാഗമായ വിദ്യാർഥികൾ പറഞ്ഞത്. പൊതുസമൂഹം കാര്യങ്ങൾ മനസ്സിലാക്കുന്നതായും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. സിഇടിയിലെ പൂർവ വിദ്യാർഥികളടക്കമുള്ള ആളുകൾ വിളിച്ച് അഭിനന്ദിച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സിഇടിക്കാരനായതിൽ അഭിമാനിക്കുന്നു എന്ന അടികുറിപ്പോടെ ചിത്രങ്ങൾ കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ മുൻ എംഎൽഎ ശബരിനാഥൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ഇതിനിടയിൽ കോളേജിന് സമീപത്തെ റസിഡൻസ് അസോസിയേഷൻ വിദ്യാർത്ഥികൾക്കെതിരെ രംഗത്തെത്തി. രാത്രിയും പകലും വിദ്യാർത്ഥികൾ കാത്തിരുപ്പ് കേന്ദ്രത്തിലാണെന്നും ഇത് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുനെന്നുമാണ് ഇവരുടെ പരാതി. സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എന്നാൽ കുറച്ച് ആളുകൾ സമര രീതിയെ വിമർശിച്ചും രംഗത്തെത്തി. മടിയിലിരുന്ന് പ്രതിഷേധിച്ചത് സംസ്കാരത്തിന് എതിരാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് കൃത്യമായ മറുപടിയും യുവ സമൂഹം നൽകുന്നുണ്ട്. അടുത്തിരിക്കുന്നതിൽ സദാചാരം കണ്ടെത്തുന്നവർക്ക് മുന്നിൽ മടിയിലിരുന്ന് തന്നെയാണ് മറുപടി പറയേണ്ടതെന്നാണ് ഇവരുടെ ഭാഷ്യം.

മുൻകാലങ്ങളിലും ഇത്തരം വിവേചനങ്ങൾക്കെതിരെ സിഇടിയിൽ സമരം നടന്നിട്ടുണ്ട്. പെൺകുട്ടികൾ ഹോസ്റ്റലിൽ വൈകിട്ട് 6.30ന് മുൻപായി കയറണമെന്ന നിർദേശത്തിനെതിരെയായിരുന്നു അന്നു സമരം നടന്നത്. മൂന്നു മാസം ഒരു കൂട്ടം വിദ്യാർഥികൾ നടത്തിയ സമരത്തെത്തുടർന്ന് സമയം രാത്രി 9.30 വരെ ദീർഘിപ്പിക്കുകയായിരുന്നു.

പുതിയ കാലഘട്ടത്തിലെ വിദ്യാർത്ഥികൾക്കിടയിൽ വിവേചനങ്ങൾക്ക് സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഈ കുട്ടികൾ. ആൺ പെൺ സൗഹൃദങ്ങളെ മോശമായ രീതിയിൽ വ്യാഖ്യാനിക്കുന്ന സദാചാര വാദികൾക്കേറ്റ കനത്ത തിരിച്ചടിയാണിത്. 21 ആം നൂറ്റാണ്ട് ആവശ്യപ്പെടുന്ന തലമുറ ഇങ്ങനെയായിരിക്കണം. സാധരാചാര വാദികൾക്ക് ചുട്ട മറുപടി കൊടുക്കുന്ന ഇത്തരം രാഷ്ട്രീയമാണ് ഇന്നത്തെ തലമുറ ശീലിക്കേണ്ടത്. 10 പേർക്ക് തെറ്റായത് 100 പേർക്ക് ശരിയായിരിക്കും. വിപ്ലവങ്ങളിൽ വിമർശനങ്ങൾ സർവസാധാരണം തന്നെയാണ്. തളരാതെ തകർക്കപ്പെടാതെ മുന്നേറണം. വിദ്യാർത്ഥികളുടെ ഈ ചുട്ട മറുപടിക്ക് കയ്യടിക്കാതെ വയ്യ…..

റിപ്പോർട്ട്: ഷിഹാബ് മൂസ

Top