“പരാജയം മറയ്ക്കാൻ ആശങ്ക പടർത്തരുത്”:രൂക്ഷ വിമർശനവുമായി ഹർഷവർധൻ

ന്യൂഡൽഹി: കൊവിഡ് പടരുന്ന സാഹചര്യത്തിൽ വാക്സീൻ ദൗര്‍ലഭ്യമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ച  സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ചില സംസ്ഥാനങ്ങൾ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ കാരണം കണ്ടെത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാക്സീൻ വിതരണം സംബന്ധിച്ച മഹാരാഷ്ട്ര സർക്കാർ പ്രതികരണം, കൊവിഡ് വ്യാപനം തടയാൻ കഴിയാത്ത പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു. “ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ എന്നിങ്ങനെ കൃത്യമായ മാനദണ്ഡം അനുസരിച്ചാണ് വാക്സിനേഷൻ നൽകുന്നത്. വാക്സിന് ക്ഷാമമുണ്ടെന്ന വാദം തെറ്റാണ്. ഉൽപാദന വിതരണ പ്രക്രിയക്കനുസരിച്ച് വാക്സീൻ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ ഘട്ടം ഘട്ടമായി വാക്സിൻ നൽകുന്ന രീതിയാണ് ലോകത്തെവിടെയും ഉള്ളത്.”അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ വാക്സിനേഷനിലടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളിലെ പരാജയം മറയ്ക്കാൻ കേന്ദ്രസർക്കാരിന് മേൽ പഴി ചാരുന്നത് ശരിയല്ല. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എന്ത് സഹായം നൽകാനും സർക്കാർ തയ്യാറാണ്. ഹർഷവർധൻ വ്യക്തമാക്കി.

Top