ടാക്സിക്കായി കാത്തു നിന്ന് മുഷിയേണ്ട; വിമാന യാത്രക്കാരെ ഇനി പറന്ന് വീട്ടിലെത്തിക്കും

അബുദാബി: അബുദാബിയില്‍ എത്തുന്ന വിമാന യാത്രക്കാരെ ഹോട്ടലുകളിലേക്കോ വീടുകളിലേക്കോ എത്തിക്കാന്‍ പറക്കും ടാക്സി വരുന്നു. ഇലക്ട്രിക് എയര്‍ ടാക്സിയില്‍ യാത്രക്കാരെ വീട്ടില്‍ എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി അബുദാബി എയര്‍പോര്‍ട്സും ഫ്രഞ്ച് കമ്പനിയായ ഗ്രൂപ്പ് എഡിപിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സര്‍വീസ്.

പദ്ധതിയുടെ സാധുതപഠനവും മാര്‍ക്കറ്റ് വിലയിരുത്തലും ഇരുവിഭാഗവും സംയുക്തമായി അബുദാബിയില്‍ നടത്തും. അതിവേഗം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പദ്ധതി വഴി സാധിക്കും. തുടക്കത്തില്‍ അബുദാബിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് സേവനം. ഭാവിയില്‍ മറ്റ് എമിറേറ്റുകളിലേക്ക് വ്യാപിപ്പിക്കും. ഇലക്ട്രിക് പവര്‍ ഉപയോഗിച്ച് കുത്തനെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുന്നതിനാല്‍ പ്രത്യേക റണ്‍വേയുടെ ആവശ്യമില്ലെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായി ജമാല്‍ അല്‍ ദാഹിരി പറഞ്ഞു.

Top