സുധാകരൻ കേസ് കൊടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ട; എം വി ഗോവിന്ദൻ

കൊച്ചി: സുധാകരൻ കേസ് കൊടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസിനെ നിയമപരമായി നേരിടും. താൻ പറഞ്ഞ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. മൈക്ക് തടസപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തത് പൊലീസ് നടപടി മാത്രമാണെന്നും അതേക്കുറിച്ച് വിശദീകരിക്കേണ്ടത് പൊലീസ് ആണെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.

കെ.സുധാകരൻ നൽകിയ മാനനഷ്ട കേസ് എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ചശേഷം ഫയലിൽ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. എം.വി ഗോവിന്ദൻ, പി.പി.ദിവ്യ, ദേശാഭിമാനി എന്നിവർക്കെതിരെയാണ് കെ.സുധാകരൻ മാനനഷ്ടകേസ് നൽകിയത്.

ആലപ്പുഴയിൽ വനിതാ നേതാവിന്റെ പരാതി പാർട്ടി പരിശോധിക്കും. ആലപ്പുഴ പാർട്ടിയുടെ പ്രധാന കേന്ദ്രമായതിനാലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമം നടക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. ആലപ്പുഴയിലെ പ്രശ്നങ്ങൾ വിഭാഗീയതയുടെ ഭാഗമല്ല.സിപിഐഎമ്മിൽ വിഭാഗീയതയുടെ കാലം അവസാനിച്ചു എന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം പോക്സോ കേസിൽ കെ സുധാകരനെതിരായ വിവാദ പ്രസ്താവനയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രാഥമികാന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. കലാപാഹ്വാനം എന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ചിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിലായിരുന്നു എറണാകുളം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം.

Top