‘അവാർഡ് തന്ന് അപമാനിക്കാൻ നോക്കേണ്ട’; മാഗ്സസെ വിവാദത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ ശൈലജ മഗ്‌സസെ പുരസ്‌കാരം നിരസിച്ചത് മികച്ച തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു മഗ്‌സസെ എന്നും അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് കൊടുത്ത് കമ്മ്യൂണിസ്റ്റുകാരെ അപമാനിക്കാൻ നോക്കേണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു

.”കമ്മ്യൂണിസ്റ്റിന്റെയും തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെയും നൂറു കണക്കിന് കേഡർമാരെ അതിശക്തമായി അടിച്ചമർത്തിയ ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ് മഗ്‌സസെ. അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് കൊടുത്ത് കേന്ദ്രക്കമ്മിറ്റി അംഗത്തെ അപമാനിക്കാൻ നോക്കേണ്ട. അതുകൊണ്ടാണ് അത് വാങ്ങേണ്ടന്ന് പാർട്ടി ഉപദേശിച്ചതും അവരത് മനസ്സിലാക്കി അതിനനുസരിച്ചുള്ള നിലപാട് സ്വീകരിച്ചതും”. ഗോവിന്ദൻ പറഞ്ഞു.

ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കോവിഡ്,നിപ്പ മഹാമാരികളെ പ്രതിരോധിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് കെ.കെ ശൈലജയെ മഗ്‌സസെ അവാർഡിന് പരിഗണിച്ചത്. എന്നാൽ സിപിഎം കേന്ദ്ര നേതൃത്വം അവാർഡ് സ്വീകരിക്കുന്നത് വിലക്കുകയായിരുന്നു.

Top