‘ഇമ്രാൻ ഖാന്റെ പ്രസംഗം സംപ്രേഷണം ചെയ്യരുത്; പാക് മാധ്യമങ്ങൾക്ക് വിലക്ക്

ഇസ്‌ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിന് പാക് മാധ്യമങ്ങൾക്ക് വിലക്ക്. പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഷഹബാസ് ശരീഫ് സർക്കാരിനെതിരെ ഇമ്രാൻ ഖാൻ ആക്രമണം കടുപ്പിച്ചതോടെയാണ് നടപടി. വിദ്വേഷ പ്രസംഗം ആരോപിച്ചാണ് ഇമ്രാൻ ഖാന്റെ പ്രസംഗങ്ങളുടെ തത്സമയ സംപ്രേഷണം തടഞ്ഞത്.

പാകിസ്താൻ തഹ്രീകെ ഇൻസാഫ് ചെയർമാനായ ഇമ്രാൻ ഖാൻ പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരമായി സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മീഡിയ റെഗുലേറ്ററി അതോറിറ്റി വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തി വിദ്വേഷ പ്രചാരണം നടത്തുകയാണ്. രാജ്യത്തെ ക്രമസമാധാനനിലയ്ക്ക് ഭീഷണിയാ മാറിയിരിക്കുകയാണിതെന്നും നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണ് പ്രസംഗങ്ങളെന്നും ഉത്തരവിൽ അതോറിറ്റി ആരോപിച്ചു.

പാകിസ്താൻ ഭരണഘടനയുടെ 19-ാം വകുപ്പിന്റെ ലംഘനമാണിതെന്ന് ഉത്തരവിൽ പറയുന്നു. മാധ്യമ പെരുമാറ്റത്തിന്റെ ചട്ടലംഘനമായതിനാൽ എല്ലാ സാറ്റലൈറ്റ് ചാനലുകളെയും ഇമ്രാൻ ഖാന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നതു വിലക്കുകയാണെന്ന് പി.ഇ.എം.ആർ.എ അറിയിച്ചു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും ഉദ്യോഗസ്ഥർക്കുമെതിരെ ഇമ്രാൻ ഖാൻ വിമർശനം കടുപ്പിച്ചിരുന്നു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇതിനെതിരെ പാകിസ്താൻ മുസ്‌ലിം ലീഗ്-എൻ, പി.പി.പി, എം.ക്യു.എം, ജെ.യു.ഐ-എഫ് അടക്കമുള്ള പാർട്ടികൾ രംഗത്തെത്തി. വനിതാ ജഡ്ജിമാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Top