ബിജെപിയെ പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കരുത്; ഇന്‍ഡ്യ മുന്നണി നേതാക്കളോട് ശരദ് പവാര്‍

സോലാപൂര്‍: ബിജെപിയെ പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കരുതെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കളോട് അഭ്യര്‍ത്ഥിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. സോലാപൂര്‍ ജില്ലയിലെ മംഗല്‍വേധ പട്ടണത്തില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷിയായ ബിജെപി തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് ശ്രീരാമനെ ഓര്‍ക്കുന്നതെന്നും പവാര്‍ ആരോപിച്ചു.

ശ്രീരാമന്‍ രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടയാളാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാമജന്മഭൂമി തുറക്കാന്‍ ഉത്തരവിട്ടതും അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ‘ശിലാസ്ഥാപനം’ നടത്തിയതും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് ശരദ് പവാര്‍ പറഞ്ഞു.

അധികാര ദുര്‍വിനിയോഗം നടത്തുന്ന നിലവിലെ സര്‍ക്കാരിനെ താഴെയിറക്കുന്നതുവരെ വിശ്രമിക്കരുത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യം ഇടതുപക്ഷ പാര്‍ട്ടികളുമായും പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായും സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ശ്രീരാമ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം ലഭിച്ചെന്നും ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പ്രാര്‍ത്ഥിക്കുന്നതിനായി താന്‍ അയോധ്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top