‘അവ്യക്തമായ മറുപടികൾ ആവർത്തിക്കരുത്’; ആരോഗ്യ മന്ത്രിക്ക് സ്പീക്കറുടെ താക്കീത്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണ ജോര്‍ജിന് സ്പീക്കര്‍ എം ബി രാജേഷ് നിര്‍ദേശം നല്‍കി. പി പി ഇകിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി ഒരേ മറുപടി നൽകി. ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്നാണ് സ്പീക്കറുടെ നിര്‍ദേശം. ആരോഗ്യ മന്ത്രിയെ നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചു.

അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഉന്നയിച്ചു. തീരവാസികളുടെ ആശങ്ക തീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു മത്സ്യ തൊഴിലാളികളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു. തുറമുഖം വന്നാൽ തീരം നഷ്ടമാകും എന്നത് അന്ധവിശ്വാസം മാത്രമാണ്. ഇത് പരത്താന്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട്‌ നല്കാൻ ആവശ്യപ്പെടും. നിർമ്മാണം നിർത്തിവെക്കണം എന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ ആകില്ല. സംഘർഷം ഉണ്ടാക്കണം എന്ന രീതിയിൽ ശ്രമം നടക്കുന്നു. സമരത്തോട് സംയമനം പാലിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top