പാഠപുസ്തകങ്ങളില്‍ നിന്ന് ‘ഇന്ത്യ’ മാറ്റരുത്, വി ശിവന്‍കുട്ടി; പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു

പാഠപുസ്തകങ്ങളില്‍ നിന്ന് ‘ഇന്ത്യ’ മാറ്റാനുള്ള തീരുമാനം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു. ഇമെയില്‍ വഴിയാണ്  അദ്ദേഹം കത്തയച്ചത്.

രാജ്യത്തിന്റെ സ്വത്വം എന്നത് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും സവിശേഷമായ സങ്കലനമാണ്, ‘ഇന്ത്യ’ എന്ന പേര് ആ സ്വത്വത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ‘ഭാരത്’ എന്ന പദം ദേശീയ സ്വത്വത്തിനുള്ളില്‍ ‘ഇന്ത്യ’യ്ക്കൊപ്പം നിലനില്‍ക്കുന്നു. ഇന്ത്യന്‍ ഭരണഘടന തന്നെ ഇതിനെ അംഗീകരിക്കുന്നു, ആര്‍ട്ടിക്കിള്‍ 1 ല്‍ രാജ്യത്തെ ‘ഇന്ത്യ’ എന്നും ‘ഭാരതം’ എന്നും പരാമര്‍ശിക്കുന്നുവെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു.

തലമുറകളായി, ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ച് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നമായ ഭൂതകാലം വിദ്യാര്‍ത്ഥികള്‍ പഠിച്ചു. ഇപ്പോള്‍ ഇത് മാറ്റുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും.

എന്‍സിഇആര്‍ടിയുടെ ഇപ്പോഴത്തെ നിലപാട് ചില പ്രത്യയശാസ്ത്രത്തെ മാത്രം പിന്തുണക്കുന്നതാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പക്ഷപാതത്തെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നു. ഇത്തരം ശുപാര്‍ശകള്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അജണ്ടകള്‍ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവ സൂക്ഷ്മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കാനുള്ള എന്‍സിഇആര്‍ടി പാനലിന്റെ നിര്‍ദ്ദേശത്തില്‍ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണം. ഈ വിഷയത്തില്‍ നിലവിലെ സ്ഥിതി നിലനിര്‍ത്തുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വൈവിധ്യമാര്‍ന്ന രാജ്യത്തിന്റെ ഐക്യത്തിന്റെയും ഏറ്റവും മികച്ച താല്‍പ്പര്യമാണെന്നും മന്ത്രി വി ശിവന്‍കുട്ടി കത്തില്‍ പറയുന്നു.

Top