രാജധര്‍മ്മം പഠിപ്പിക്കാന്‍ ഇങ്ങോട്ട് വരേണ്ട; സോണിയയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജധര്‍മ്മത്തെക്കുറിച്ച് പഠിപ്പിയ്‌ക്കേണ്ടെന്ന് ബിജെപി. രാജധര്‍മത്തെ കുറിച്ച് സോണിയ ഗാന്ധി സദാചാര പ്രസംഗം നടത്തരുത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ മോശം റിക്കാര്‍ഡാണ് കോണ്‍ഗ്രസിനുള്ളതെന്നും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് കോണ്‍ഗ്രസുകാരെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആഞ്ഞടിച്ചു.

ഡല്‍ഹി കലാപത്തിന് ഉത്തരവാദിയായ അമിത് ഷായെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നു നീക്കി ‘രാജധര്‍മം’ പാലിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ബിജെപി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

‘സമാധാനം, ഐക്യം എന്നിവയെ കുറിച്ച് നാം എല്ലാവരും ഒറ്റക്കെട്ടായി സംസാരിക്കേണ്ട സന്ദര്‍ഭത്തിലാണ് വിഷയം രാഷ്ട്രീയവത്കരിക്കുന്നത്. ബിജെപി ഇതില്‍ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വോട്ട്ബാങ്കിനായി ആളുകളെ ഒരു തരത്തിലും പ്രകോപിപ്പിക്കരുത്. എന്‍പിആര്‍ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ ശരിയാണ്. ഞങ്ങള്‍ ചെയ്യുമ്പോള്‍ അത് തെറ്റാകുന്നു. ഇതാണ് നിങ്ങളുടെ രാജധര്‍മം.’ രവിശങ്കര്‍ പ്രസാദ് ആഞ്ഞടിച്ചു.

ഡല്‍ഹിയിലെ കലാപം നിയന്ത്രിക്കുന്നതിലും കൃത്യസമയത്ത് ഉചിതമായ ഇടപെടലുകള്‍ നടത്തുന്നതിലും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. കലാപം ആസൂത്രിതമായിരുന്നു. അതിനാല്‍ ചുമതലക്കാരനായ ആഭ്യന്തരമന്ത്രിയെ പുറത്താക്കണം. ജനങ്ങളുടെ ജീവനും സ്വത്തും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നായിരുന്നു നിവേദനത്തില്‍ ആരോപിച്ചിരുന്നത്.

വലിയതോതില്‍ ആശങ്കയുളവാക്കുന്ന കാര്യങ്ങളാണു നാലു ദിവസം ഡല്‍ഹിയില്‍ നടന്നത്. 34 പേര്‍ കൊല്ലപ്പെട്ടത് അപമാനകരമാണ്. ഇത് കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണ് വെളിപ്പെടുത്തിയതെന്നും സോണിയ ആരോപിച്ചു.

Top