പ്രസ്റ്റീജ് ഇഷ്യൂ ആക്കരുത്, ചില പോസിറ്റീവ് നടപടികളാണ് ആവിശ്യം; ചീറ്റകളുടെ മരണത്തിലിടപ്പെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികള്‍ ചത്തൊടുങ്ങുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ചീറ്റകളുടെ മരണത്തില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി, വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പോസ്റ്റിറ്റീവായ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ഇതൊരു പ്രസ്റ്റീജ് ഇഷ്യൂ ആക്കരുത് എന്നും കോടതി വ്യക്തമാക്കി . കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് കുഞ്ഞുങ്ങളടക്കം എട്ട് ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തില്‍ ചത്തത്.

ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിമര്‍ശനം. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും അടുത്തിടെ ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളെ കുനോ നാഷണല്‍ പാര്‍ക്കില്‍ മാത്രം അയച്ചത് എന്തുകൊണ്ടാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് സുപ്രീം കോടതി ചോദിച്ചു. കഴിഞ്ഞ ആഴ്ചയ്ക്കുള്ളില്‍ രണ്ട് മരണങ്ങള്‍, ഇതൊരു പ്രസ്റ്റീജ് ഇഷ്യൂ ആക്കരുത്. ചില പോസിറ്റീവ് നടപടികള്‍ ആവശ്യമാണ്. ചില ചീറ്റപ്പുലികളെ രാജസ്ഥാനിലേക്ക് മാറ്റാമെന്ന് കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചു.

ചീറ്റാ ട്രാന്‍സ്ലോക്കേഷന്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി പറഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നതാണ്, ട്രാന്‍സ്ലോക്കേഷനില്‍ 50% മരണങ്ങള്‍ സാധാരണമാണെന്നും ഭാട്ടി വ്യക്തമാക്കി. എന്നാല്‍ ചീറ്റകളെ രാജസ്ഥാനിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.

Top