അരികൊമ്പനെ ഇന്ന് തുറന്നുവിടരുത്; ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച ഒറ്റയാന്‍ അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ഹര്‍ജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്നു പരിഗണിച്ചിരുന്നു.

അരിക്കൊമ്പനെ കേരളത്തിന് കൈമാറണെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്

അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനംചെക്‌പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്‌നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മുണ്ടന്‍തുറൈ. അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്‌നാട് വനംവകുപ്പ് കൃത്യമായ വിവരം നല്‍കിയിരുന്നില്ല. തിരുനെല്‍വേലി പാപനാശം കാരയാര്‍ അണക്കെട്ട് വനമേഖലയില്‍ തുറന്നുവിടുമെന്നായിരുന്നു സൂചന. മേഘമലയിലെ വെള്ളിമലയിലേക്ക് കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍, മേഘമലയില്‍ ആനയെ തുറന്നു വിട്ടില്ല. ഇതിനിടെ, അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടര്‍ന്ന മാധ്യമങ്ങളെ തമിഴ്‌നാട് പൊലീസ് തടഞ്ഞിരുന്നു.

തമിഴ്‌നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകള്‍ ബന്ധിച്ചാണ് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആനയുടെ തുമ്പിക്കൈയില്‍ മുറിവേറ്റിട്ടുണ്ട്.

അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാല്‍ എവിടേക്ക് മാറ്റുന്നുവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. മയക്കുവെടിയേറ്റ അരിക്കൊമ്പന്‍ പാതിമയക്കം വിട്ട നിലയിലാണ്. വാഹനത്തില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും.

രാത്രി ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് അരിക്കൊമ്പന് മയക്കുവെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. ഇവയുടെ സഹായത്തോടെയാണ് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുക.

മേയ് 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പന്‍ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തയാറെടുപ്പുകള്‍ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പന്‍ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചു.

ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രില്‍ 29ന് മയക്കുവെടി നല്‍കി നിയന്ത്രണത്തിലാക്കിയശേഷം ലോറിയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉള്‍വനത്തിലേക്കു മറഞ്ഞ അരിക്കൊമ്പന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട് വനമേഖലയോടു ചേര്‍ന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.

 

Top