‘പത്തു ദിവസം ചിരിക്കണ്ട!’; വിചിത്ര വിലക്കുമായി ഉത്തര കൊറിയ

പോങ്യാങ്: ഉത്തരകൊറിയയിലെ പൗരന്‍മാരെ പത്തുദിവസത്തേക്ക് ചിരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിചിത്ര വിലക്ക്.

ഡിസംബര്‍ 17നാണ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികം. ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ചിരി മാത്രമല്ല, നിരവധി നിയന്ത്രണങ്ങളും ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യത്തിന്റെ ഉപയോഗം, ചിരി, വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിലക്ക് എന്നിവ നിലനില്‍ക്കുന്നുണ്ടെന്ന് അതിര്‍ത്തി നഗരമായ സിനിജുവിലെ താമസക്കാരന്‍ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. ഡിസംബര്‍ 17ന് പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും വിലക്കുണ്ട്.

വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടികളും പൗരന്‍മാര്‍ക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. മുന്‍കാലങ്ങളിലെ വിലാപ വേളകളില്‍ വിലക്ക് ലംഘിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുപോയവരെ പിന്നെ കണ്ടിട്ടില്ല -പേര് വെളിപ്പെടുത്താത്ത പൗരന്‍ പറയുന്നു.

ദുഃഖാചരണ സമയത്ത് മരണാന്തര ചടങ്ങുകള്‍ സംഘടിപ്പിക്കാനും ജന്മദിനം ആഘോഷിക്കാനും അനുവാദമില്ല. എന്നാല്‍, പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ല. കിം ജോങ് ഇല്ലിന്റെ മരണശേഷമാണ് കിം ജോങ് ഉന്‍ ഉത്തരകൊറിയയില്‍ അധികാരത്തിലെത്തുന്നത്.

 

Top