കശ്മീര്‍ വിഷയം: ആഭ്യന്തര വിഷയത്തില്‍ തലയിടേണ്ട; തുര്‍ക്കി പ്രസിഡന്റിനോട് ഇന്ത്യ

ശ്മീര്‍ സംബന്ധിച്ച് അഭിപ്രായം പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗനെ വിമര്‍ശിച്ച് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ തലയിടേണ്ടെന്നാണ് തുര്‍ക്കി പ്രസിഡന്റിനോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

ജമ്മു കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റ് നടത്തിയ എല്ലാ അഭിപ്രായങ്ങളും ഇന്ത്യ തള്ളുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ഈ മേഖല ഇന്ത്യയുടെ അവിഭാജ്യമായ, വേര്‍പ്പെടുത്താന്‍ കഴിയാത്ത ഭാഗമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പാകിസ്ഥാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെയാണ് എര്‍ദോഗന്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ ചൊടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പറഞ്ഞത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് വിദേശ ആധിപത്യത്തിന് എതിരെ തുര്‍ക്കിയിലെ ജനങ്ങള്‍ നടത്തിയ പോരാട്ടവുമായാണ് കശ്മീരി ജനതയുടെ പോരാട്ടത്തെ എര്‍ദോഗന്‍ ഉപമിച്ചത്.

‘ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് നടത്തിയ എല്ലാ അഭിപ്രായങ്ങളും ഇന്ത്യ തള്ളുന്നു’,വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ തുര്‍ക്കി നേതൃത്വം ഇടപെടേണ്ട. വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കാനും ആവശ്യപ്പെടുകയാണ്. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കും, ഈ മേഖലയിലേക്കും തള്ളിവിടുന്ന തീവ്രവാദം സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ചും മനസ്സിലാക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.

Top