നിയമസഭയില്‍ മിത്ത് വിവാദം കത്തിക്കേണ്ട; യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: നിയമസഭയില്‍ മിത്ത് വിവാദം കത്തിക്കേണ്ടെതിലെന്ന് യുഡിഎഫില്‍ തീരുമാനം. മിത്ത് വിവാദത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എന്‍എസ്എസ് നിലപാട് പക്വമാണെന്ന് യുഡിഎഫ് വിലയിരുത്തി. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തില്‍ അവസരം കൊടുക്കരുതെന്നും യുഡിഎഫ് യോഗത്തില്‍ പരാമര്‍ശിച്ചു. പ്രധാനപ്പെട്ട വിഷയങ്ങളില്‍ അടക്കം മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം രാഷ്ട്രീയമായി ഉന്നയിക്കാനും യുഡിഎഫില്‍ തീരുമാനമായി.

വിഷയം നിയമസഭയില്‍ പരാമര്‍ശിക്കാമെന്നും അതിനപ്പുറം വലിയ നിലയില്‍ ഉന്നയിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് യുഡിഫ് എത്തിച്ചേര്‍ന്നത്. സ്പീക്കര്‍ക്കെതിരെ അടിയന്തര പ്രമേയം നോട്ടീസ് കൊണ്ട് വരാന്‍ പറ്റില്ലെന്നത് പരിമിതിയാണ്. അതിനാല്‍ സ്പീക്കര്‍ തിരുത്തണമെന്ന നിലപാട് മാത്രം സഭയില്‍ ആവര്‍ത്തിക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.

ഉമ്മന്‍ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അത്യപൂര്‍വ്വ നിയമസഭാ സാമാജികനായിരുന്നു അദ്ദേഹം. ഒരേ മണ്ഡലത്തെ അര നൂറ്റാണ്ടിലേറെ പ്രതിനിധീകരിക്കുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുകയൊക്കെ ലോക പാര്‍ലമെന്റ് ചരിത്രത്തിലെ അത്യപൂര്‍വ്വ സംഭവമാണ്.

കേരളം വിട്ടുപോകാത്ത മനസായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ട് കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നതില്‍ പങ്കുവഹിച്ചു. രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുമ്പോഴും നല്ല സൗഹൃദമായിരുന്നു അദ്ദേഹവുമായുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top