ഗ്യാൻവാപി മസ്ജിദ് വിഷയം; വാരണസി സിവിൽ കോടതിയുടെ ഇന്നത്തെ നടപടികൾ തടഞ്ഞു

ന്യുഡൽഹി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണസി സിവിൽ കോടതിയുടെ ഇന്നത്തെ നടപടികൾ തടഞ്ഞു. വാരാണസി സിവിൽ കോടതി ഇന്ന് ഒരു ഉത്തരവും പാസാക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി നാളെ മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്തതാണ് ഹർജികൾ. വാരണസി സിവിൽ കോടതി ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് നാളത്തേക്ക് മാറ്റിയത്.അതേസമയം, സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി സിവിൽ കോടതി അഡ്വക്കേറ്റ് കമ്മീഷണർമാർക്ക് അനുവദിച്ച കൂടുതൽ സമയം ഇന്ന് അവസാനിക്കും.

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, വാരണാസി ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് കമ്മിഷണര്‍, കാശി വിശ്വനാഥ ക്ഷേത്രം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവില്‍ കോടതിയിലെ ഹര്‍ജിക്കാര്‍ എന്നിവര്‍ ഇന്ന് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. വാരണാസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കഴിഞ്ഞതവണ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

മസ്ജിദിൽ വിഡിയോ ചിത്രീകരണം അടക്കം സർവേ നടപടികൾക്ക് നേതൃത്വം നൽകിയ അഡ്വക്കേറ്റ് കമ്മീഷണർ അജയ് കുമാർ മിശ്രയെ വാരണാസി സിവിൽ കോടതി സർവേ സംഘത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ ചോർന്നതിലായിരുന്നു നടപടി. അജയ് കുമാർ മിശ്രയുടെ സഹകരണം കൂടി ഉറപ്പാക്കി സർവേ റിപ്പോർട്ട് പൂർത്തിയാക്കണമെന്ന് ഹർജിക്കാർ സിവിൽ കോടതിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇല്ലെങ്കിൽ റിപ്പോർട്ടിൽ പല നിർണായക വിവരങ്ങളും ഉൾപ്പെടില്ലെന്ന ആശങ്കയാണ് ഹർജിക്കാർ ഉന്നയിക്കുന്നത്.

Top