രാജീവ്ഗാന്ധി വധക്കേസ്: പ്രതികളെ വെറുതെ വിടരുതെന്ന് ഇരകളുടെ ബന്ധുക്കള്‍

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വെറുതെവിടരുതെന്ന് ബോംബാക്രമണത്തില്‍ മരിച്ച 14 പേരുടെ ബന്ധുക്കള്‍. 1991ലാണ് രാജീവ് ഗാന്ധി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കേസില്‍ 27 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ആളുകളെ മോചിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം തമിഴ്‌നാട് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ബന്ധുക്കളുടെ പ്രതികരണങ്ങള്‍.

ചെന്നൈയിലെ പാടി സ്വദേശിയായ അബ്ബാസിന് 8 വയസ്സുള്ളപ്പോഴായിരുന്നു രാജീവ്ഗാന്ധി വധം നടന്നത്. അന്നത്തെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ അമ്മ കൊല്ലപ്പെട്ടു. അബ്ബാസിന്റെ അച്ഛന്‍ നേരത്തെ മരിച്ചു പോയതായിരുന്നു. അമ്മ മാത്രം ആശ്രയമായിരുന്ന ബാലന്റെ നിസ്സഹായ ദിനങ്ങളെക്കുറിച്ച് അദ്ദേഹം ഇപ്പോഴും നിറകണ്ണുകളോടെ പറയുന്നു. അനാഥനായ അദ്ദേഹം 10ാം ക്ലാസില്‍ പഠനം നിര്‍ത്തി. ഒരു കെട്ട് മാംസക്കഷ്ണങ്ങളായാണ് തന്റെ അമ്മയെ കാണുന്നതെന്ന് അബ്ബാസ് ഓര്‍ത്തെടുക്കുന്നു.

‘എന്നെപ്പോലെ ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ അടുത്തേക്ക് അധികൃതര്‍ ആരും എത്തിയില്ല. ഒരു ദിവസമെങ്കിലും ഞങ്ങളെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ പ്രതികളെ മോചിപ്പിക്കണമെന്ന് ആരും പറയില്ല’ അബ്ബാസ് പറഞ്ഞു. ഇപ്പോള്‍ വാച്ച് കട നടത്തുകയാണ് അദ്ദേഹം.

ശ്രീപെരുമ്പത്തൂരിലെ ശാന്തകുമാരിയും സമാനമായ കാര്യങ്ങളാണ് പറയുന്നത്. ഇവരുടെ സഹോദരി സരോജാദേവി അന്നത്തെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ശാന്തകുമാരിയ്ക്ക് പരിക്കേറ്റിരുന്നു. പത്ത് വര്‍ഷമെടുത്താണ് താന്‍ അന്നത്തെ ദുരന്തത്തില്‍ നിന്ന് കരകയറിയതെന്ന് അവര്‍ വ്യക്തമാക്കി.

27 വര്‍ഷം ജയില്‍വാസമനുഭവിച്ചവര്‍ക്ക് ജീവിക്കാന്‍ രണ്ടാമതൊരു അവസരം കൂടി നല്‍കണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രതികളില്‍ ഒരാളായ നളിനി ശ്രീഹരന്‍ ഇന്ന് ബിരുദാന്ത ബിരുദം നേടി. മറ്റുള്ളവരും ജീവിതത്തിന്റെ പലമേഖലകളിലേക്ക് തിരിഞ്ഞു കഴിഞ്ഞു. പേരറിവാളന്‍ എഴുത്തുകാരനായി. മുരുകന്‍, സാന്തം എന്നിവര്‍ ജയില്‍ ക്ഷേത്രത്തിലെ പൂജാരിമാരാണ്.

രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണം എന്ന തമിഴ്നാട് മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ ഏത് രീതിയില്‍ പരിഗണിക്കും എന്ന ചര്‍ച്ച ഇപ്പോള്‍ സജീവമാകുകയാണ്. മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുകയേ ഗവര്‍ണ്ണര്‍ക്ക് വഴിയുള്ളൂ എന്നാണ് നിയമ വിദഗ്ധരുടെ നിരീക്ഷണം. എന്നാല്‍ തീരുമാനം ഗവര്‍ണര്‍ നീട്ടിക്കൊണ്ടുപോയാല്‍ സര്‍ക്കാരിന് മുന്നില്‍ വേറെ വഴികളുണ്ടാവില്ല.

Top