സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തരുത്; കേന്ദ്രത്തിനെതിരെ ടി.എം തോമസ് ഐസക്ക്

thomas-isaac

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ മുന്‍ ധനമന്ത്രി ടി.എം തോമസ് ഐസക്ക്. സംസ്ഥാനത്തിന് അര്‍ഹമായ വായ്പകള്‍ അനുവദിക്കുന്നില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതി തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തരുത്. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കേരളം ഇപ്പോള്‍ നേരിടുന്നതെന്നും തോമസ് ഐസക്ക് വിമര്‍ശിച്ചു.

കേന്ദ്രം പാലം വലിച്ചില്ലായിരുന്നുവെങ്കില്‍ കേരളം സുസ്ഥിരമായ സാമ്പത്തിക സ്ഥിതി കൈവരിക്കുമായിരുന്നു. അര്‍ഹമായ വായ്പകള്‍ സംസ്ഥാനത്തിന് അനുവദിക്കുന്നില്ല. ന്യായമായി 3% വായ്പയെടുക്കാം. വായ്പാ പരിധി വെട്ടിക്കുറച്ച നയത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തുന്നതെന്നും വലിയ ജനരോഷം സംസ്ഥാനത്ത് നിന്ന് ഉയരണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. അതേസമയം കടപരിധി അടക്കം വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ നിയമനടപടി എടുക്കാനാകുമെന്ന നിയമോപദേശ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.

Top