എന്റെ ‘ചോദ്യങ്ങളെ’ ഭയക്കേണ്ട; സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും, അവര്‍ അവതരിപ്പിച്ച ബജറ്റിനും എതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന വിമര്‍ശനങ്ങള്‍ തുടരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് രാഹുലിന്റെ വിമര്‍ശനങ്ങള്‍.

‘ധനമന്ത്രി എന്റെ ചോദ്യങ്ങളില്‍ ഭയപ്പെടേണ്ടതില്ല. ഈ രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിച്ചാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഇതിന് ഉത്തരം നല്‍കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. യുവാക്കള്‍ക്ക് തൊഴില്‍ ആവശ്യമാണ്. പക്ഷെ സര്‍ക്കാര്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു’, രാഹുല്‍ ട്വീറ്റ് ചെയ്തു.

തൊഴില്‍രംഗത്തെ കണക്കുകള്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകാത്ത രാഹുലിനെ വിമര്‍ശിച്ച സീതാരാമന്റെ വാര്‍ത്തയുടെ പത്രത്താളും കോണ്‍ഗ്രസ് നേതാവ് ട്വീറ്റിനൊപ്പം ചേര്‍ത്തു. താന്‍ എന്തെങ്കിലും കണക്ക് പറഞ്ഞാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ആ കണക്ക് വെച്ചാകും രാഹുല്‍ ചോദ്യം ഉന്നയിക്കുകയെന്ന് വാര്‍ത്തയില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ‘ഏതാനും മാസം കൂടി കാത്തിരുന്ന ശേഷം കൃത്യമായ എണ്ണം നല്‍കാം’, റിപ്പോര്‍ട്ടില്‍ ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യായാമ വീഡിയോ പങ്കുവെച്ചാണ് രാഹുല്‍ നേരത്തെ ബജറ്റിനെ പരിഹസിച്ചത്. വെറുതെ സംസാരിക്കുന്നതല്ലാതെ, ശക്തമായ ഒന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം.

Top