Dont be oversmart Deepa teacher, Shame on DYFI

ബീഫ് വിരുദ്ധര്‍ക്കെതിരായ നിലപാടുകളിലൂടെ ശ്രദ്ധേയായ ദീപാ നിശാന്ത് ഡിവൈഎഫ്‌ഐ സമ്മേളന പോസ്റ്ററില്‍ തന്റെ പടം വന്നതിനെതിരെ ഇങ്ങനെ ഹാലിളകേണ്ട കാര്യമെന്തായിരുന്നു ?

കാള പെറ്റ ഉടനെ കയറെടുക്കാന്‍ ഓടിയ അവസ്ഥയില്‍ ധൃതി പിടിച്ച് ദീപയ്ക്ക് മുന്നില്‍ ഡിവൈഎഫ്‌ഐയെ പോലുള്ള ഒരു വിപ്ലവ സംഘടന മാപ്പിരക്കേണ്ട അവസ്ഥയും ദൗര്‍ഭാഗ്യകരമാണ്.

ആരാണ് ദീപ ടീച്ചര്‍, എന്താണ് ഡിവൈഎഫ്‌ഐ, എന്നറിയാത്ത നേതാവാണോ സംഘടനയുടെ തലപ്പത്തിരിക്കുന്നത് ?

യുപിയില്‍ ബീഫ് സൂക്ഷിച്ചതിന് പാവപ്പെട്ട ഗൃഹനാഥനെ തല്ലിക്കൊന്ന ഫാസിസ്റ്റ് പ്രവണതയെ വെല്ലുവിളിച്ച് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്തിയ എസ്എഫ്‌ഐക്കാരുമായി മറ്റൊരു വിഭാഗം ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് കോളേജ് അദ്ധ്യാപികയായ ദീപ നിശാന്തിനെ ശ്രദ്ധേയയാക്കിയത്.

ഇതിനെതിരെ അവര്‍ക്ക് വിശദീകരണ നോട്ടീസ് നല്‍കി നടപടിക്കൊരുങ്ങിയ കോളേജ് മാനേജ്‌മെന്റും എതിര്‍പ്പുമായി രംഗത്ത് വന്ന സംഘ്പരിവാര്‍ സംഘടനകളുമാണ് യഥാര്‍ത്ഥത്തില്‍ ദീപയുടെ ‘ഗ്രാഫ് ‘ കുത്തനെ ഉയര്‍ത്തിയത്.

ഭീഷണികള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ ദീപയ്ക്ക് സംരക്ഷണവലയം തീര്‍ത്ത പുരോഗമന പ്രസ്ഥാനങ്ങളുടെ മുഖത്തടിക്കുന്നതിന് തുല്യമാണ് ഡിവൈഎഫ്‌ഐ സമ്മേളന പോസ്റ്ററില്‍ പടം വന്നതിനെതിരായ ദീപയുടെ പരസ്യ പ്രതികരണം.

ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തികളെ അവര്‍ എടുക്കുന്ന പുരോഗമനപരമായ നിലപാടുകളുടെ അടിസ്ഥാനത്തില്‍ സമ്മേളനങ്ങളിലും മറ്റ് പരിപാടികളിലും എത്രയോ കാലങ്ങളായി ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് സിപിഎമ്മും വര്‍ഗ്ഗബഹുജന സംഘടകളും.

അന്തരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എത്രയോപേര്‍ അതില്‍പെടും.ഫോട്ടോ വെയ്ക്കുന്നതിനു മുമ്പ് അവരുടെയോ കുടുംബാംഗങ്ങളുടെയോ അനുമതിപത്രം വാങ്ങിയിട്ടല്ല ഇങ്ങനെ ചെയ്യാറുള്ളത്.

പൊതുസമൂഹത്തിന് നല്ല സന്ദേശം നല്‍കിയവര്‍, ത്യാഗം ചെയ്തവര്‍, സ്വയം സമര്‍പ്പിച്ച ധീരരക്തസാക്ഷികള്‍, എന്നിവരോടുള്ള ബഹുമാന സൂചകമായും അവരുയര്‍ത്തിയ ആശയങ്ങളുടെ പ്രസക്തി പൊതുസമൂഹത്തെ ഓര്‍മ്മിപ്പിക്കാനുമാണ് ഇത്തരം പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളത്.

എന്തിനേറെ, സംഘ്പരിവാര്‍ സംഘടനകള്‍ പോലും അവരുടെ പ്രചരണ ബോര്‍ഡുകളിലും പോസ്റ്ററുകളിലും സ്വാമി വിവേകാനന്ദനെയാണ് കൂടുതലായും ഉപയോഗിക്കുന്നത്. അത് സ്വാമി വിവേകാനന്ദന്‍ ആര്‍എസ്എസ്‌കാരനായതു കൊണ്ടല്ലല്ലോ?

ഇവിടെ ദീപ ടീച്ചര്‍ക്ക് അന്ത്യന്തം പ്രകോപനം സൃഷ്ടിച്ചത് ഡിവൈഎഫ്‌ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ചിറക്കിയ പോസ്റ്ററാണോ? ഒരു ഇടതുപക്ഷ അനുഭാവിയായി ചിത്രീകരിക്കപ്പെടുന്നതിലുള്ള വിഷമമാണോ അതിന് പിന്നില്‍? അതല്ല എതിര്‍പ്പുകളോടുള്ള ഭയമോ, അതുമല്ലെങ്കില്‍ ഇതുവഴി ലഭിക്കുന്ന ചീപ്പ് പബ്ലിസിറ്റിയോ?

ഇക്കാര്യത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തെയാണ് ഞങ്ങള്‍ കുറ്റപ്പെടുത്തുന്നത്. കാരണം ഒരിക്കലും ഇക്കാര്യത്തില്‍ ഡിവൈഎഫ്‌ഐ മാപ്പ് പറയരുതായിരുന്നു.

ദീപയ്ക്ക് ഡിവൈഎഫ്‌ഐ പോസ്റ്ററില്‍ തന്റെ ഫോട്ടോവരാന്‍ താല്‍പര്യമില്ലെന്നറിഞ്ഞ സ്ഥിതിക്ക് ആ പോസ്റ്റര്‍ ഡിലീറ്റ് ചെയ്യാന്‍ സംഘടനാ സംവിധാനം ഉപയോഗിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കാമായിരുന്നു. കൂടുതല്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നത് തടയാനെങ്കിലും ഈ നീക്കം സഹായകരമാകുമായിരുന്നു.

അല്ലാതെ കൊച്ചുകുട്ടികള്‍ ടീച്ചറോട് മാപ്പുപറയുന്നതു പോലെ അവരോട് മാപ്പു പറയുകയല്ല കേരളത്തിലെ ഏറ്റവും വലിയ യുവജനസംഘടന ചെയ്യേണ്ടിയിരുന്നത്. കാരണം നിങ്ങള്‍ തെറ്റുചെയ്‌തെങ്കിലല്ലേ മാപ്പു പറയേണ്ടതുള്ളു. ബീഫ് വിരുദ്ധസമരത്തിനെതിരെ താന്‍ സ്വീകരിച്ച നിലപാട് ഫാസിസത്തിനെതിരെ ആയിരുന്നില്ല എന്ന് ദീപ നിശാന്ത് പറയുന്ന ഘട്ടത്തില്‍ മാത്രമേ ഇതിന് പ്രസക്തിയുള്ളു.

മുമ്പ് നിയമസഭയിലെ സംഘര്‍ഷത്തിന്റെ പേരില്‍ പരസ്യമായി പൊട്ടിക്കരഞ്ഞ് കേരളത്തിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നാണം കെടുത്തിയ യുവനേതാവിനെ ഓര്‍മ്മിപ്പിക്കുന്ന രൂപത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം ദീപ ടീച്ചറോട് മാപ്പിരന്നത് മഹത്തായ പാരമ്പര്യമുള്ള സംഘടനയുടെ അന്തസ്സിനും അഭിമാനത്തിനും നിരക്കാത്തതാണ്.

ഒരു ബീഫ്‌ഫെസറ്റിനെ അനുകൂലിച്ചതിന് വെളിവില്ലാത്ത അധികൃതരുടേയും വകതിരിവില്ലാത്ത ചില സംഘടനകളുടേയും പ്രതിഷേധത്തിന് ‘ഇര’ യായി എന്ന
ഒറ്റകാരണമാണ് ദീപ എന്ന കേളേജ് അദ്ധ്യാപികയെ കേരളത്തില്‍ ശ്രദ്ധേയയാക്കിയത്.

ഇപ്പോള്‍ ഡിവൈഎഫ്‌ഐ സമ്മേളന പോസ്റ്ററില്‍ പടം വന്നതില്‍ ഉറഞ്ഞ് തുള്ളുകയും ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വിവാദമാക്കുകയും ചെയ്ത ഇവര്‍ ബീഫ് വിവാദത്തില്‍ ദീപയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയകളില്‍ ആയിരക്കണക്കിന് പോസ്റ്റുകളിടുകയും തെരുവിലിറങ്ങുകയും ചെയ്ത എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നടപടി തള്ളി പറയാതിരുന്നത് എന്തുകൊണ്ടാണ്?

തന്റെ കാര്യംവരുമ്പോള്‍ ശുഭ്രപതാകയുടെ തണല്‍ പറ്റുകയും പിന്നീട് കാര്യ കഴിയുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യുന്ന രീതി ഒരു ടീച്ചര്‍ക്കും യോജിച്ചതല്ല.

ഇങ്ങനെ സൈബര്‍ ലോകത്ത് പൊട്ടിവീഴുന്ന അഭിനവ ‘വിമോചകരുടെ’ തനിനിറം കൂടി ഇവരെ പിന്‍തുണക്കാന്‍ ഇറങ്ങും മുമ്പ് ഇനിയെങ്കിലും പുരോഗമന സംഘടനകള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ദീപ നിശാന്തിന് പുറമെ കോഴിക്കോട് മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദ്, അസഹിഷ്ണുതാ വിവാദത്തില്‍ പ്രതികരിച്ച നടന്‍ അമീര്‍ഖാന്‍, കവി സച്ചിതാനന്ദന്‍, പാക് ഗായകന്‍ ഗുലാം അലി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ, തുടങ്ങിവരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ ഡിവൈഎഫ്‌ഐ സമ്മേളനങ്ങളുടെ ഭാഗമായി പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്.

ഇതിനെതിരെ ഒരു പ്രതിഷേധവും മറ്റാരുടെ ഭാഗത്തുനിന്നും ഉയര്‍ന്നു കണ്ടിട്ടുമില്ല. നേരത്തെയും ഡിവൈഎഫ്‌ഐ-സിപിഎം സമ്മേളനങ്ങളില്‍ ചില മഹത് വ്യക്തികളുടെ ഫോട്ടോവെച്ച ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പക്ഷേ അതെല്ലാം രാഷ്ട്രീയ എതിരാളികളുടേത് മാത്രമായിരുന്നു.

ഈ ഉന്നത വ്യക്തിത്വങ്ങളുടെ ത്യാഗങ്ങള്‍ക്ക് മുന്നില്‍ തന്റെ നിലപാടുകള്‍ ഒരു ത്യാഗമേ അല്ലെന്ന ‘തിരിച്ചറിവ്’ ദീപക്കുണ്ടെങ്കില്‍ അതിന് ആദ്യം ചെയ്യേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐയുടെ ഏതെങ്കിലും നേതാവിനെ അതുമല്ലെങ്കില്‍, താങ്കള്‍ പഠിപ്പിക്കുന്ന കോളേജിലെ എസ്എഫ്‌ഐക്കാര്‍ക്ക് മുന്നില്‍ അസംതൃപ്തി അറിയിക്കുകയായിരുന്നു. ഇതുവഴി ഒരു വിവാദത്തിനും ഇടയാക്കാതെ ബന്ധപ്പെട്ട നേതൃത്വങ്ങളെ അറിയിക്കാനുള്ള സാഹചര്യം അവര്‍ തന്നെ ഒരുക്കുമായിരുന്നു.

ഈ അവസരം ഉപയോഗപ്പെടുത്താതെ ഡിവൈഎഫ്‌ഐയുടെ ഒരു പ്രാദേശിക ഘടകം ചെയ്ത ‘പിഴവിന്’ സോഷ്യല്‍ മീഡിയയില്‍കൂടി പൊട്ടിത്തെറിക്കുക വഴി ആ സംഘടനയുടെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരെയാണ് ദീപ അപമാനിച്ചത്.

രാഷ്ട്രീയ എതിരാളികള്‍ പോലും സാംസ്‌കാരിക കേരളത്തില്‍ ഡിവൈഎഫ്‌ഐ മുന്‍കാലങ്ങളില്‍ നടത്തിയ ഇടപെടലുകളെ രഹസ്യമായാണെങ്കില്‍ പോലും പ്രകീര്‍ത്തിക്കാറുണ്ട് എന്ന യാഥാര്‍ത്ഥ്യവും കാണാതെ പോകരുത്.

ദീപ എതിരാളികളാല്‍ വേട്ടയാടപ്പെട്ടപ്പോള്‍ സംരക്ഷണ വലയം തീര്‍ത്ത പുരോഗമന സംഘടനാ പ്രവര്‍ത്തകരുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന നടപടിയായിപ്പോയി ഇപ്പോഴത്തെ നടപടിയെന്ന്‌ വൈകിയെങ്കിലും മനസിലാക്കുന്നത് നല്ലതാണ്.

Team Express Kerala

Top