Don’t be over Collector bro; There is not ok to insult Politicians

ന്തിന്റെ പേരിലായാലും കോഴിക്കോട് എംപി എം കെ രാഘവനെ അപമാനിച്ച കളക്ടര്‍ പ്രശാന്തിന്റെ നടപടി ന്യായീകരിക്കാനാവില്ല. ജനാധിപത്യ ഭരണത്തില്‍ ഒരു ജനപ്രതിനിധി ഏത് പാര്‍ട്ടിക്കാരനായാലും അദ്ദേഹത്തിന് അര്‍ഹമായ പരിഗണന നല്‍കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്.

ചില നല്ല കാര്യങ്ങള്‍ കോഴിക്കോട് കളക്ടര്‍ എന്ന നിലയില്‍ പ്രശാന്ത് മുന്‍കൈ എടുത്ത് ചെയ്യുന്നുണ്ട്. അതിന് സോഷ്യല്‍മീഡിയയിലടക്കം നല്ല പിന്‍തുണയും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.

പ്രശാന്ത് ചെയ്യുന്നത് പോലെ പല നല്ല കാര്യങ്ങളും മറ്റ് പല ജില്ലകളിലെയും കളക്ടര്‍മാരും ചെയ്യുന്നുണ്ട്. പക്ഷേ അവരാരും പബ്ലിസിറ്റിക്ക് വേണ്ടി സോഷ്യല്‍മീഡിയിയയേയോ മാധ്യമങ്ങളെയോ ആശ്രയിക്കാത്തതിനാല്‍ പുറത്തറിയുന്നില്ലെന്ന് മാത്രം.

ഇവിടെ കോഴിക്കോട് എംപിയുമായുള്ള കളക്ടറുടെ ഉടക്ക് സംസ്ഥാന ഭരണമാറ്റത്തിന് മുന്‍പ് തന്നെ തുടങ്ങിയതാണ്.

ശ്രീ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുവെന്നതും ഐ ഗ്രൂപ്പ്കാരനായ അടൂര്‍ പ്രകാശ് ആയിരുന്നു റവന്യുമന്ത്രി എന്നതിനാലുമാണ് കളക്ടര്‍ സ്ഥാനത്ത് നിന്ന് പ്രശാന്ത് തെറിക്കാതിരിക്കാന്‍ കാരണം.

ഇപ്പോള്‍ ഇടത് ഭരണം വരികയും യുഡിഎഫ് ഭരണകാലത്ത് നിയമിച്ച കളക്ടര്‍മാരുടെയെല്ലാം നില പരുങ്ങലിലാകുകയും ചെയ്ത സാഹചര്യത്തില്‍ കളക്ടറുടെ ‘പ്രകടനത്തെ’ സംശയത്തോട് കൂടി ആരെങ്കിലും വീക്ഷിച്ചാല്‍ അവരെ എന്തായാലും കുറ്റം പറയാന്‍ സാധിക്കില്ല.

ഏറ്റവും ഒടുവിലായി കളക്ടര്‍ വിളിച്ച് ചേര്‍ത്ത എംപി ഫണ്ട് അവലോകന യോഗത്തില്‍ എംപി കൃത്യമായി എത്തിയെങ്കിലും കളക്ടര്‍ വന്നിരുന്നില്ല. ഇതുതന്നെ വലിയ തെറ്റാണ്.

തന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികളില്‍ മാത്രം പുന: പരിശോധന തുടര്‍ച്ചയായി നടക്കുന്നതിലുള്ള പ്രതിഷേധവും തന്നെ അറിയിക്കാതെ ഇത് ചെയ്യുന്നതിലുള്ള അപാകതയും എംപി യോഗത്തില്‍ തുറന്നടിച്ചിരുന്നു. അത് ഒരു ജനപ്രതിനിധി എന്ന നിലയില്‍ എം കെ രാഘവന്റെ അവകാശം തന്നെയാണ്.

എന്നാല്‍ ഇതിന് പിന്നാലെ ഉദ്യോഗസ്ഥരെ വിരട്ടാന്‍ നോക്കേണ്ടെന്ന് പറഞ്ഞ് കളക്ടര്‍ പിന്നീട് രംഗത്തെത്തിയത് അപക്വമായ നടപടിയാണ്. എംപിയുടെ ചോദ്യത്തിന് കളക്ടര്‍ക്ക് മറുപടി ഉണ്ടായിരുന്നുവെങ്കില്‍ താന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് എംപിയുടെ മുഖത്ത് നോക്കി കാര്യങ്ങള്‍ പറയുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ വിവാദമുണ്ടാക്കുകയല്ല ചെയ്യേണ്ടിയിരുന്നത്.

തന്റെ ഫണ്ട് ഉപയോഗിച്ച് നടത്തേണ്ട പ്രവര്‍ത്തികളില്‍ എത്രയെണ്ണത്തിന് ഭരണാനുമതി നല്‍കിയെന്ന് അറിയണമെന്നും മറ്റും കാണിച്ച് നല്‍കിയ കത്തിന് കളക്ടര്‍ മറുപടി നല്‍കാത്തതിന്റെ പ്രതികരണവുമായി രംഗത്ത് വന്ന എം കെ രാഘവന്‍ തന്നെ അപമാനിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിന് കളക്ടര്‍ പ്രകോപിതനായത് എന്തിനാണ് ?

കളക്ടറുടെ ഈ പ്രകോപനമാണ് ചലച്ചിത്ര നടന്‍ ദിലീപിനെ എംപിയും നടന്‍ തിലകനെ കളക്ടറുമായി ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പ്രചരിക്കാന്‍ വഴിമരുന്നിട്ടത്.

‘ മാപ്പ് പറയുന്നതാണ് നല്ലതെന്ന് ദിലീപ് പറയുമ്പോള്‍ കുന്നംകുളത്തിന്റെ ഭൂപടം നല്‍കി ഇപ്പോള്‍ ഇതേയുള്ളു’ എന്ന് തിലകന്‍ പറയുന്നതായിരുന്നു ട്രോള്‍.

ഈ പരിഹാസത്തെ പ്രോത്സാഹിപ്പിച്ച് കുന്നംകുളത്തിന്റെ മാപ്പ് കളക്ടര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് എരിതീയില്‍ എണ്ണ ഒഴിക്കുന്ന നടപടിയായിപ്പോയി.

സോഷ്യല്‍മീഡിയ എന്ത് വിഷയത്തെക്കുറിച്ചും പ്രതികരണം നടത്തുന്നത് അതിന്റെ യുക്തി മാത്രം മനസിലാക്കിയോ ശരി തെറ്റുകള്‍ പരിശോധിച്ചോ മാത്രമല്ല. അത് ഒരു വികാരപ്രകടനം കൂടിയാണ്.

ഈ വികാര പ്രകടനങ്ങള്‍ കളക്ടറും എംപിയും മനസിലാക്കുന്നതില്‍ തെറ്റില്ല. പക്ഷേ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്ന ഒരു സാധാരണക്കാരന്റെ വികാരത്തോടെ കളക്ടര്‍ സ്ഥാനത്ത് നിന്ന് പ്രശാന്ത് ഇങ്ങനെ പെരുമാറിയത് ശരിയായ നടപടിയല്ല. നിങ്ങള്‍ക്ക് എംപിയെ കളിയാക്കണമെങ്കില്‍ അതിന് കളക്ടര്‍ കസേരയെ കൂട്ട് പിടിക്കരുത്.

ജനാധിപത്യ ഭരണത്തില്‍ കളക്ടറേക്കാള്‍ എത്രയോ മേലെയാണ് ഒരു എംപിയുടെ സ്ഥാനം. കളക്ടറുടെ മേലധികാരിയായ ചീഫ് സെക്രട്ടറിയേക്കാള്‍ മുകളിലാണ് ഒരു എംഎല്‍എയുടെ സ്ഥാനമെന്നിരിക്കെ പ്രോട്ടോക്കോള്‍ പ്രകാരം എംപി എത്ര ഉയരത്തില്‍ ഇരിക്കുന്ന ആളാണെന്ന് മസൂറിയിലെ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ നിന്നും താങ്കളെ പഠിപ്പിച്ചിട്ടില്ലേ ?

കുന്നംകുളം മാപ്പ് താന്‍ പോസ്റ്റ് ചെയ്തത് ‘ജനങ്ങള്‍ ഭൂമിശാസ്ത്രം അറിയുന്നതിനാണ്’ എന്ന് കളക്ടര്‍ പ്രശാന്ത് നല്‍കിയ വിശദീകരണവും പരിഹാസ്യമാണ്.

ഭൂമിശാസ്ത്രം പഠിപ്പിക്കാന്‍ താങ്കള്‍ കോഴിക്കോടിന്റെ മാപ്പ് പ്രസിദ്ധീകരിച്ചാല്‍ മതി. കുന്നംകുളത്തിന്റേത് പ്രസിദ്ധീകരിക്കാന്‍ താങ്കള്‍ തൃശ്ശൂര്‍ കളക്ടറൊന്നുമല്ലല്ലോ ?

പിന്നെ, കളക്ടര്‍മാര്‍ക്ക് ‘ പുതിയ സര്‍ക്കാര്‍ മാപ്പ് പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച കാര്യം’ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒന്നും എന്തായാലും അറിഞ്ഞിട്ടില്ല !

കള്ളം പറയുന്നതിനും വേണം മിസ്റ്റര്‍ പ്രശാന്ത് ഒരുയുക്തി. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കിയ വലിയ ഒരുവിഭാഗമടക്കം ഇപ്പോള്‍ കാണിച്ച അപക്വമായ പെരുമാറ്റത്തില്‍ നിങ്ങള്‍ക്കെതിരായി എന്ന യാഥാര്‍ത്ഥ്യം വൈകിയാണെങ്കിലും തിരിച്ചറിയുന്നത് നല്ലതാണ്.

ഏറ്റവും ഒടുവില്‍ താങ്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ‘ബുള്‍സ് ഐ’ യുടെ പോസ്റ്റിന് വന്ന കമന്റുകളില്‍ ‘ബുള്‍സ് ഐ ആക്കിക്കളഞ്ഞല്ലോ ബ്രോ’ എന്ന തരത്തില്‍ താങ്കള്‍ പ്രതീക്ഷിച്ച കമന്റുകള്‍ തന്നെയാണ് വന്നിരിക്കുന്നത്.

ഇങ്ങനെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് കൊണ്ട് ഒരു എംപിയും ബുള്‍സ് ഐ ആകില്ല. മറിച്ച് ജനപ്രതിനിധികളോട് കളിച്ച് ‘ബുള്‍സ് ഐ’ ആയ നിരവധി ഐഎഎസുകാരുണ്ട് നമ്മുടെ രാജ്യത്ത്, അതോര്‍ക്കുന്നത് നല്ലതാണ്.

ദ കിംങ് എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച ജോസഫ് അലക്‌സിന്റെ മാനറിസങ്ങളാണ് താങ്കള്‍ക്ക് പ്രചോദനമായതെങ്കില്‍ താങ്കളോട് സഹതപിക്കുകയേ നിവൃത്തിയുള്ളു. ജോസഫ് അലക്‌സ് പ്രതികരിച്ചത് അനീതിക്കെതിരെയായിരുന്നു.

സിനിമയിലാണെങ്കില്‍ പോലും മമ്മൂട്ടി എംപിയോട് നട്ടെല്ലോടു കൂടി മുഖത്തു നോക്കിയാണ് കാര്യങ്ങള്‍ തുറന്നടിച്ചത്. അതാവണം സര്‍ നട്ടെല്ലുള്ള ഒരു ഐഎഎസുകാരന്റെ ചങ്കൂറ്റം.

താന്‍ വിളിച്ച യോഗത്തില്‍ പോലും പങ്കെടുക്കാതെ ‘ഒളിച്ചോടി’ പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ‘പ്രതികരിച്ച’ കളക്ടര്‍ക്ക് സിനിമയില്‍ ‘പുലി’യായ മമ്മൂട്ടി പോയിട്ട് ‘എലി’ യാവാന്‍ പോലും കഴിയുകയില്ല.

ഓവറാക്കരുത് ബ്രോ… താങ്കള്‍ ഇരിക്കുന്ന പദവിക്കുണ്ടൊരു അന്തസ്… അതിനുണ്ടൊരു പെരുമാറ്റച്ചട്ടം, അത് ഒന്നുകൂടി മനസിലാക്കിയിട്ടു വേണം മുന്നോട്ട് പോകാന്‍.

Team Express Kerala

Top