എല്ലാവരും ഒരുപോലെയല്ല, കിഴക്കമ്പലത്തിന്റെ പേരില്‍ അതിഥി തൊഴിലാളികളെ വേട്ടയാടരുതെന്ന്

എറണാകുളം: മൂവാറ്റുപുഴ കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ അങ്ങനെ കണ്ടാല്‍ മതിയെന്നും, അല്ലാതെ അതിഥി തൊഴിലാളികളെയാകെ അങ്ങനെ മുദ്ര കുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

25 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ കേരളത്തിലുണ്ട്. അവരെല്ലാവരും അങ്ങനെയല്ലല്ലോ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അവരെ വേട്ടയാടുന്നത് ശരിയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കിഴക്കമ്പലത്ത് ക്രിസ്മസ് കരോളിനെ ചൊല്ലിയാണ് കിറ്റക്‌സിലെ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇടപെടാനെത്തിയ പൊലീസിനെ തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നു. കുന്നത്തുനാട് പൊലീസിന്റെ രണ്ട് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ഒരു വാഹനത്തിനു തീയിട്ടു. സംഘര്‍ഷത്തില്‍ സിഐ അടക്കം അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റു.അക്രമത്തിനു പിന്നാലെ തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് റെയ്ഡ് നടത്തി. 156 അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൊഴിലാളികളുടെ അതിക്രമം അപ്രതീക്ഷിതമായിരുന്നുവെന്ന് കിറ്റെക്‌സ് എം.ഡി സാബു ജേക്കബ് പ്രതികരിച്ചു. തൊഴിലാളികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതാകാമെന്നും, ഒരു വിഭാഗം തൊഴിലാളികള്‍ കരോള്‍ നടത്തിയപ്പോള്‍ മറ്റൊരു കൂട്ടര്‍ എതിര്‍ത്തതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് സാബു ജേക്കബ് പറഞ്ഞു.

Top