ലൈംഗികശേഷി വര്‍ധിക്കുമെന്ന് വിശ്വാസം; കഴുത ഇറച്ചിയ്ക്ക് നിരവധി ആവശ്യക്കാര്‍

ഹൈദരാബാദ്: കഴുത ഇറച്ചി കഴിച്ചാല്‍ രോഗങ്ങള്‍ ഭേദമാകുന്ന വിശ്വാസവും പ്രചരണവും ശക്തമായതോടെ ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിയ്ക്ക് വന്‍ ഡിമാന്‍ഡ്. ഇതോടെ അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴുതകളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പലയിടത്തും കശാപ്പും ഇറച്ചിവില്‍പ്പനയും നടക്കുന്നത്.

പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടാന്‍ കഴുത ഇറച്ചി കഴിച്ചാല്‍ മതിയെന്ന പ്രചരണമാണ് ഇറച്ചിവില്‍പ്പന വര്‍ധിക്കാന്‍ കാരണം. മാത്രമല്ല, കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കുമെന്നും ആളുകള്‍ക്കിടയില്‍ വിശ്വാസമുണ്ട്. ഇതോടെ കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറുകയായിരുന്നു.

പ്രകാസം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഗുണ്ടൂര്‍ ജില്ലകളില്‍ കഴുതകളെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കുന്നത് വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കഴുതകളുടെ കശാപ്പും ഇറച്ചി വില്‍പ്പനയും തടയാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതര്‍.

കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കഴുതകളെ എത്തിച്ച് ആന്ധ്രയില്‍ കശാപ്പ് ചെയ്ത് വില്‍ക്കുന്നുണ്ടെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നത്. ഒരു കിലോ ഇറച്ചിക്ക് 600 രൂപ വരെയാണ് വില. ഒരു കഴുതയുടെ മുഴുവന്‍ ഇറച്ചിയും വേണമെങ്കില്‍ 15,000 മുതല്‍ 20,000 രൂപ വരെ ഈടാക്കും.

പ്രകാസം ജില്ലയിലെ കവര്‍ച്ചക്കാരുടെ താവളമായിരുന്ന ഒരു ഗ്രാമത്തില്‍ നിന്നാണ് കഴുത ഇറച്ചിയെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്കും തുടക്കം കുറിച്ചതെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ അഭിപ്രായം. കഴുത ഇറച്ചി കഴിച്ചാല്‍ രോഗങ്ങള്‍ ഭേദമാകുമെന്നും ലൈംഗികശേഷി വര്‍ധിക്കുമെന്നുമാണ് പ്രധാന പ്രചാരണം. ഇതിനുപുറമേ കഴുതയുടെ ചോര കുടിച്ചാല്‍ വേഗത്തില്‍ ഓടാനാകുമെന്നും ചിലര്‍ വിശ്വസിക്കുന്നു.

അടുത്തിടെ ഒരു തെലുങ്ക് ചിത്രത്തിലും കഴുതയുടെ ചോര കുടിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. മേഖലയിലെ ചില മത്സ്യത്തൊഴിലാളികള്‍ കഴുതയുടെ ചോര കുടിച്ചാണ് കടലില്‍ പോകാറുള്ളതെന്നും മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു.

 

Top